പരിക്കേറ്റ എം.എസ്.എഫ് നേതാവ് സുഹൈല്‍ തലക്കല്‍, എസ്.ഐ പി.പി. അഖില്‍

പുളിയാര്‍മല ഐ.ടി.ഐയില്‍ സംഘര്‍ഷം; എസ്.ഐക്കും എം.എസ്.എഫ് നേതാവിനും പരിക്ക്

കല്‍പറ്റ: പുളിയാര്‍മല ഐ.ടി.ഐയില്‍ വിദ്യാർഥി സംഘര്‍ഷത്തിൽ എസ്.ഐക്കും എം.എസ്.എഫ് നേതാവിനും പരിക്ക്. യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കല്‍പറ്റ പുളിയാര്‍മല ഐ.ടി.ഐയില്‍ വെള്ളിയാഴ്ച വീണ്ടും വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ കല്‍പറ്റ എസ്.ഐ പി.പി. അഖില്‍, എം.എസ്.എഫ് കല്‍പറ്റ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈല്‍ തലക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹൈലിന് മുഖത്തും എസ്.ഐക്ക് നെഞ്ചിലുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് ഗുരുതര പരിക്കേറ്റ ഫായിസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വോട്ടെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് വിദ്യാർഥികള്‍ വെവ്വേറെ കൂട്ടമായി നില്‍ക്കുകയായിരുന്നു. ഇതില്‍ യു.ഡി.എസ്.എഫ് വിദ്യാർഥികൾ നിന്നിടത്തേക്ക് പുറത്തുനിന്ന് ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് പ്രവര്‍ത്തകരെ മർദിക്കുകയായിരുന്നെന്ന് എം.എസ്.എഫ് വിദ്യാർഥികള്‍ ആരോപിച്ചു. പിടിച്ചുമാറ്റുന്നതിനിടയിലാണ് എസ്.ഐക്ക് മർദനമേറ്റത്. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പും കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് യു.ഡി.എസ്.എഫ് ജനറല്‍ സെക്രട്ടറി സ്ഥാനാർഥി അജ്മല്‍, എം.എസ്.എഫ് കല്‍പറ്റ മുനിസിപ്പല്‍ പ്രസിഡന്‍റ് അംജദ് ബിന്‍ അലി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

എസ്.എഫ്.ഐ ആക്രമണത്തിന് കടിഞ്ഞാണിടണം -എം.എസ്.എഫ്

കൽപറ്റ: ജില്ലയിൽ ഐ.ടി.ഐ തെരഞ്ഞെടുപ്പുകളുടെ മറവിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണത്തിന് കടിഞ്ഞാണിടാൻ പൊലീസ് തയാറാവണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൽപറ്റ ഐ.ടി.ഐയിലും വെള്ളമുണ്ട ഐ.ടി.ഐയിലും ഡി.വൈ.എഫ്.ഐ പിന്തുണയോടെ ആയുധങ്ങളുമായി സംഘടിച്ചെത്തിയാണ് എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചത്. എം.എസ്.എഫ് ജില്ല ട്രഷറർ മുനവ്വറലി സാദത്തിന്‍റെ കാർ കൈനാട്ടി ഗവ. ആശുപത്രിക്ക് സമീപം തടഞ്ഞ് മർദിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തു. വെള്ളമുണ്ടയിൽ ഒരു പ്രകോപനവുമില്ലാതെ എം.എസ്.എഫിന്‍റെയും കെ.എസ്.യുവിന്‍റെയും കൊടിമരങ്ങൾ തകർത്തു. സേനയിലെ അംഗങ്ങൾക്കുനേരെയും ആക്രമണമുണ്ടായിട്ടും സി.പി.എം ഭീഷണി ഭയന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും എം.എസ്.എഫ് വയനാട് ജില്ല പ്രസിഡന്‍റ് സഫ്വാൻ വെള്ളമുണ്ട, ജന. സെക്രട്ടറി പി.എം. റിൻഷാദ് എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.

വിദ്യാർഥികളെ മർദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണം -എസ്.എഫ്.ഐ

കൽപറ്റ: കൽപറ്റ ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പ് നടക്കവേ വിദ്യാർഥിനി നേതാക്കളുൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച കൽപറ്റ എസ്.ഐ അഖിൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

കോളജിലെ എസ്.എഫ്.ഐ സ്ഥാനാർഥികളെ കാമ്പസിനു പുറത്തുനിന്നും എത്തിയ യൂത്ത് ലീഗുകാരുടെ ആക്രമണത്തിൽനിന്നും പ്രതിരോധിക്കുന്നതിനിടെയാണ് എസ്.ഐ അഖിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വനിത പൊലീസിന്‍റെ പോലും സാന്നിധ്യമില്ലാതെ വിദ്യാർഥിനികളെ ഉൾപ്പെടെ ക്രൂരമായി മർദിച്ചതെന്ന് കമ്മിറ്റി ആരോപിച്ചു.

Tags:    
News Summary - Clash at Puliyarmala ITI; SI and MSF leader injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.