സാമ്പത്തിക തട്ടിപ്പിന് ഇരയായ പനമരം മേലേ കാപ്പുംകുന്ന്
കോളനിയിലെ ആദിവാസികൾ
കൽപറ്റ: ജില്ലയിൽ ആദിവാസികളെ കേന്ദ്രീകരിച്ച് വൻ സാമ്പത്തിക തട്ടിപ്പ്. ആദിവാസികളെ പ്രത്യേകിച്ച് പണിയ വിഭാഗങ്ങളിലെ സ്ത്രീകളുടെ രേഖകൾ ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്താണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. ചെറ്റപ്പാലത്തെ ഒരു സ്വകാര്യ സ്ഥാപനം മുഖേന വായ്പ തരപ്പെടുത്തി നൽകിയ ശേഷം വായ്പ എടുത്തയാൾക്ക് ചെറിയ തുക നൽകി ബാക്കി തുകയുമായി തട്ടിപ്പുകാരായ ഇടനിലക്കാരൻ മുങ്ങുന്നതായാണ് പരാതി. വർഷങ്ങളായി തുടരുന്ന തട്ടിപ്പിന് ജില്ലയിൽ നിരവധി ആദിവാസികളാണ് ഇരയായത്.
സർക്കാർ സഹായമെന്ന് വിശ്വസിച്ച് വായ്പക്ക് വേണ്ടി സ്വന്തം രേഖകൾ നൽകി തട്ടിപ്പിനിരയായ നിരവധി ആദിവാസികളെ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനം ഭീഷണിപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന തട്ടിപ്പിൽ മാനന്തവാടി മുനിസിപ്പാലിറ്റി, പനമരം, എടവക പഞ്ചായത്തുകളിലെ നൂറുകണക്കിന് ആദിവാസികൾ ഇരയായതായാണ് വിവരം.
കോളനികൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. സാമ്പത്തിക സഹായം പാസായിട്ടുണ്ടെന്നും രേഖകളുമായി ചെറ്റപ്പാലത്തെ സ്ഥാപനത്തിൽ എത്തണമെന്നും ആവശ്യപ്പെട്ടാണ് പണിയ കോളനികളിലെത്തുന്ന സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. തുടർന്ന് ആധാർ കാർഡ്, വോട്ടർ ഐ.ഡി, ഫോൺ, പാസ് ബുക്ക് തുടങ്ങിയവുയുമായി തട്ടിപ്പുസംഘം സ്തീകളെ ചെറ്റപ്പാലത്തെ സ്ഥാപനത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
രേഖകൾ നൽകി 30000 മുതൽ 50000 വരെയുള്ള ലോൺ മറ്റു ഈടുകളൊന്നും ഇല്ലാതെ ആദിവാസികളുടെ പേരിൽ ഇവിടെ നിന്ന് പാസാക്കിയെടുക്കും. ആദിവാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നതോടെ ഇടനിലക്കാർ പണം മുഴുവൻ വാങ്ങി നാലായിരമോ അയ്യായിരമോ ഇവർക്ക് തിരിച്ചുനൽകും. ലോൺ ആണെന്ന് മനസ്സിലാക്കാതെ സർക്കാർ സഹായമെന്ന് കരുതി ഇവർ വീടുകളിലേക്ക് തിരിച്ചു പോകും.
വർഷങ്ങൾ കഴിയുമ്പോൾ ലോൺ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനം സമീപിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം ആദിവാസികൾ അറിയുന്നത്. ഇടനിലക്കാരായ സംഘത്തെ കുറിച്ച് തട്ടിപ്പിനിരയായവർക്ക് അറിയുകയുമില്ല. ലോൺ നൽകിയ സ്ഥാപനത്തെ സമീപിക്കുമ്പോഴാകട്ടെ അവർക്ക് അങ്ങനെയൊരു ഇടനിലക്കാരെ അറിയില്ലെന്നാണ് നൽകുന്ന വിശദീകരണം. ആധാർ കാർഡും ഐഡന്റിറ്റി കാർഡും ബയോമെട്രിക് വിവരങ്ങളും മാത്രം ശേഖരിച്ചാണ് ആദിവാസികൾക്ക് സ്ഥാപനം വായ്പ നൽകുന്നത്.
തട്ടിപ്പ് ബോധ്യപ്പെട്ട സമയത്ത് പനമരം പഞ്ചായത്തിലെ കുണ്ടാല വാർഡ് അംഗം ആദിവാസികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും തങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുകയാണെന്ന് പരാതി ഉന്നയിച്ച് പലരും ഇവർക്കെതിരേ തിരിയുകയാണുണ്ടായത്. വായ്പാ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് വീടുകയറിയുള്ള അക്രമവും ഭീഷണിയും മൂലം ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ് നിരവധി ആദിവാസി അമ്മമാർ. അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്താണ് വൻ തട്ടിപ്പു സംഘങ്ങൾ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.