കാടിനുള്ളില്‍ ഒരു ബൂത്ത്; കുറിച്യാടിന് വീട്ടുപടിക്കല്‍ വോട്ടുചെയ്യാം

കൽപറ്റ: വോട്ട് ചെയ്യാന്‍ കുറിച്യാട്ടുകാര്‍ക്ക് ഇത്തവണ കാടിറങ്ങേണ്ട. കാടിനുള്ളിലെ ഏക സര്‍ക്കാര്‍ സ്ഥാപനമായ ഏകാധ്യാപക വിദ്യാലയത്തില്‍  ഇവര്‍ക്കും വോട്ടുചെയ്യാം. വോട്ടിങ്ങ് യന്ത്രങ്ങളും സന്നാഹങ്ങളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനായി കാടിനുള്ളിലെ ഗ്രാമത്തിലെത്തും. 34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ ഇവിടെ വോട്ടവകാശമുളളത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങള്‍ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഒരുക്കങ്ങളും തുടങ്ങി. ചെതലയം ഫോറസ്റ്റ് റെയിഞ്ചില്‍പ്പെട്ട ഈ വനഗ്രാമത്തില്‍  പുനരധിവാസ പദ്ധതിയില്‍ കാടിറങ്ങാന്‍ തയ്യാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.

കിലോമീറ്ററുകളോളം വന്യജീവികള്‍ വിഹരിക്കുന്ന കാട്ടുപാതകള്‍ താണ്ടി  വേണം ഇവര്‍ക്ക് കാടിന് പുറത്തെത്താന്‍. കര്‍ഷകരായ ചെട്ടിസമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമായിരുന്നു കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികള്‍. കാടുമായി പൊരുത്തപ്പെട്ട്  നെല്‍കൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ചെട്ടിസമുദായം തുടങ്ങി പകുതിയോളം കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയില്‍ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങള്‍ കാടിനുളളില്‍ തുടരുകയാണ്. ഇവര്‍ക്കായി വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് വിഭാഗം കാടിനുള്ളില്‍ ഒരുക്കുകയാണ്. ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൗരോര്‍ജ്ജ വൈദ്യുതി സംവിധാനം എന്നിങ്ങനെയെല്ലാം ഒരുക്കി ഇത്തവണയും കാടിനുള്ളിലെ പോളിങ്ങ് ബൂത്തിനെ സജ്ജമാക്കും. 

പോളിങ്ങ് ബൂത്തുകളുടെ ക്രമീകരണം വിലയിരുത്താന്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാടിനുള്ളിലെ കുറിച്യാടെത്തി. ആശയ വിനിമയ ബന്ധം കുറഞ്ഞ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 83 ാം നമ്പര്‍ ബൂത്തായ കുറിച്യാട് പോളിംഗ് സ്റ്റേഷനില്‍ ബദല്‍ സംവിധാനങ്ങളെല്ലാം ഒരുക്കും. ആദിവാസി വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുളള പോളിങ്ങ് ബൂത്ത് എന്ന നിലയില്‍ കുറിച്യാട് പോളിങ്ങ് ബൂത്തും ശ്രദ്ധേയമാകും. ജില്ലയിൽ വോട്ടെടുപ്പ് തുടങ്ങി നേരത്തെ തന്നെ പോളിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ബൂത്തുകളിലൊന്നായും കുറിച്യാട് മാറും.

ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനൊപ്പം സുല്‍ത്താന്‍ ബത്തേരി എ.ആര്‍.ഒ അനിതകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. എം മെഹറലി, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ ജ്യോതി ലക്ഷ്മി, വില്ലേജ് ഓഫീസര്‍ ജാന്‍സി ജോസ്, വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും  പോളിങ്ങ് സംവിധാനങ്ങള്‍ ആദ്യഘട്ടം വിലയിരുത്തുന്നതിന്റെ ഭാഗമായി കുറിച്യാട് വനഗ്രാമത്തിലെത്തിയിരുന്നു.

Tags:    
News Summary - A booth in the woods; Kurichyad can vote at doorstep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.