3 കോളം റിസോര്‍ട്ട് നിർമാണത്തില്‍ നിയമലംഘനമെന്ന് റിപ്പോർട്ട്

കൽപറ്റ: തരിയോട് ഗ്രാമപഞ്ചായത്തിലെ കെന്‍സ പ്രോജക്ടിന്‍റെ കെട്ടിട നിർമാണത്തില്‍ ഗുരുതര നിയമലംഘനം നടന്നതായി ജില്ല ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട്. കലക്ടറുടെ നിർദേശ പ്രകാരമാണ് ടൗണ്‍ പ്ലാനര്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് രണ്ടു പ്രധാന കെട്ടിടങ്ങള്‍ നിർമിച്ചത്​ എന്നാണ് കണ്ടെത്തല്‍. ഈ മാനദണ്ഡമനുസരിച്ച് തരിയോട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം 10 മീറ്ററാണ്. മൂന്നുനിലയിലധികം നിർമിക്കാനും അനുമതിയില്ല. കെന്‍സ വെല്‍നസ് പദ്ധതിയിൽ നിര്‍മിച്ച പ്രധാന കെട്ടിടത്തിന്‍റെ ഉയരം 15 മീറ്ററാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മൂന്നു നില കെട്ടിടം പണിയാനുള്ള അനുമതിയില്‍ അഞ്ചുനിലയാണ് നിർമിച്ചത്. താഴത്തെ നിലയുടെ ഒരു ഭാഗം മണ്ണിട്ടുനികത്തി ഉയരം കുറക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തും നിലവില്‍ 13.8 മീറ്റര്‍ ഉയരമുള്ളതായി കണ്ടെത്തി. റോഡിനോടുചേര്‍ന്നു നിർമിച്ച മറ്റൊരു കെട്ടിടത്തില്‍ നാലു നിലകളും 10.3 മീറ്റര്‍ ഉയരവുമുണ്ട്. ഈ കെട്ടിടം നിർമിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമഘട്ട സംരക്ഷണ സമിതി നല്‍കിയ കേസ്​ ഹൈകോടതി പരിഗണനയിലാണ്. ഈ കേസില്‍ മറുപടി നല്‍കാനാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ടൗണ്‍ പ്ലാനറോട് കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടത്. മുമ്പ്​​ കലക്ടര്‍ നിയോഗിച്ച മൂന്നംഗ വിദഗ്​ധ സമിതിയും നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കെന്‍സയുമായി ബന്ധപ്പെട്ട ഒരു ഫയലും ഇതുവരെ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗ അജണ്ടയില്‍ വന്നിട്ടില്ല. തരിയോട് മഞ്ഞൂറയില്‍ ബാണാസുര റിസര്‍വോയറിനോടുചേര്‍ന്നാണ് പദ്ധതി നിർമാണം. പ്രവാസികളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതിന്‍റെ പേരിലും കെന്‍സ​ക്കെതിരെ കേസുകളുണ്ട്. പ്രവാസികളുടെ പേരില്‍ വ്യാജരേഖ ചമച്ച് കെട്ടിട നിർമാണ അനുമതി നേടിയെന്ന പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് നാലു കേസുകള്‍ എടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.