കൽപറ്റ: ജില്ലയില്‍ മേയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തിപ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്. 2199.35 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ഇതുവരെ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്.
3,53850 കുലച്ച വാഴകളും 92 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും പൂര്‍ണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് കൃഷി മേഖലയില്‍ വ്യാപക നാശനഷ്ടം സംഭവിക്കാന്‍ കാരണമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. ശേഷം 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
ഇന്‍ഷുര്‍ ചെയ്ത വിളകള്‍ക്ക് കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരത്തിനു പുറമേ വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളിലും കര്‍ഷകര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9495 012353, 9383 471912.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.