ഗൂഡല്ലൂർ നഗരസഭ: 19ാം വാർഡിൽ വിജയസാധ്യതയുമായി സി.പി.ഐ

ഗൂഡല്ലൂർ: ദിവസങ്ങൾ മാത്രം ബാക്കിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സംസ്ഥാനത്തു ചൂടുപിടിക്കുമ്പോൾ ഗൂഡല്ലൂർ നഗരസഭയിൽ വിജയസാധ്യത ഉറപ്പിച്ച്​ സി.പി.ഐ. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയിൽ ആണെങ്കിലും ഗൂഡല്ലൂരിൽ സീറ്റ് നൽകാത്തതിനാൽ നഗരസഭയിലെ 8, 19 വാർഡുകളിൽ ഒറ്റക്ക്​ മത്സരിക്കാനും മറ്റു വാർഡുകളിൽ അർഹരായ സ്വതന്ത്രരെ പിന്തുണക്കാനുമാണ്​ സി.പി.ഐ തീരുമാനിച്ചത്​. പാർട്ടി മത്സരിക്കുന്ന വാർഡുകളിൽ പ്രാദേശിക സംഘടനകളുടെ പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്. ഇതിൽ 19ാം വാർഡിലെ വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് പാർട്ടി. നേരത്തേ ഒന്നാം വാർഡായിരുന്ന ഇവിടെ ഇപ്പോൾ പാർട്ടിയുടെ ജില്ല ജോയന്റ് സെക്രട്ടറി കൂടിയായ എ.എം. ഗുണശേഖരനാണ്​ സ്ഥാനാർഥി. എ.ഐ.ടി.യു.സിയുടെ കീഴിലുള്ള നിർമാണ തൊഴിലാളി യൂനിയൻ, ട്രാൻസ്‌പോർട്ട്​ തൊഴിലാളി യൂനിയൻ, തോട്ടം തൊഴിലാളി യൂനിയൻ എന്നിവയുടെ ഭാരവാഹിയുമാണ്. കാൽ നൂറ്റാണ്ടായി പ്രദേശത്തു താമസിക്കുന്ന ഇദ്ദേഹം ഇപ്പോഴും വാടകവീട്ടിലാണ്. സിൽവർ ക്ലൗഡ് എസ്റ്റേറ്റിന്റെ ഒരുഭാഗം ഈ വാർഡിൽ വരുന്നതിനാൽ ഇവിടത്തെ തൊഴിലാളി കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ്. എസ്റ്റേറ്റിലെ 450ഓളം തൊഴിലാളികൾ എ.ഐ.ടി.യു.സി യൂനിയനിലെ അംഗങ്ങളാണ്. നേരത്തേ​ മൂന്നു തവണ വനിത വാർഡായിരുന്ന ഇവിടെ സി.പി.ഐ സ്ഥാനാർഥിയായി മത്സരിച്ച ധവമണി കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇപ്പോൾ പുരുഷ എസ്.സി വാർഡായതിനാൽ ഇതുവരെ പ്രചാരണ രംഗത്ത് സജീവമായിരുന്ന ഗുണശേഖരൻ തന്നെ രംഗത്തിറങ്ങിയിരിക്കുന്നതാണ് വിജയസാധ്യത വർധിപ്പിക്കുന്നത്. എങ്കിലും ഭരണകക്ഷി എന്ന നിലക്ക്​ ഡി.എം.കെയും വാർഡ് നിലനിർത്താനുള്ള വാശിയോടെ എ.ഡി.എം.കെയും സജീവമാണ്. ഇത്​ തള്ളിക്കളയുന്നില്ലെന്നും സി.പി.ഐ താലൂക്ക്​ സെക്രട്ടറി എ. മുഹമ്മദ് ഗനി പറഞ്ഞു. GDR A M G: ഗൂഡല്ലൂർ 19ാം വാർഡിൽ വോട്ടഭ്യർഥനയുമായി വീടുകൾ കയറിയിറങ്ങുന്ന സ്ഥാനാർഥി എ.എം. ഗുണശേഖരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.