*ഹരിത പുല്‍ത്തൈല യൂനിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് കൽപറ്റ: ജില്ലയിലെ വിവിധ ആദിവാസി മേഖലകളില്‍ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആർ.ജി.സി.ബി) പൈതൃകാധിഷ്ഠിത സംരംഭങ്ങള്‍ തുടങ്ങും. അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രവർഗ സംസ്കാരത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ശാസ്ത്ര സാങ്കേതിക വിദ്യാധിഷ്ഠിത സംരംഭങ്ങളിലൂടെ അവരുടെ സാമ്പത്തിക ഉന്നമനവുമാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആർ.ജി.സി.ബി ലക്ഷ്യമിടുന്നത്. ആധുനികയന്ത്ര സാമഗ്രികളുടെ സഹായത്തോടെ ആരംഭിക്കുന്ന ഹരിത പുല്‍ത്തൈല യൂനിറ്റിന്‍റെ ഉദ്ഘാടനം മേയ് ഏഴിന് 3.30ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആർ.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ നിർവഹിക്കും. പ്രദേശത്തെ നാല്‍പതോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനമാകും. വെള്ളമുണ്ട പഞ്ചായത്തിലെ പീച്ചങ്കോട് ഹരിതശ്രീ എസ്.ടി കൂട്ടായ്മക്കു വേണ്ടി നിർമിച്ച നെല്ല് സംസ്കരണ യൂനിറ്റ് മേയ് എട്ടിന് 10.15ന് പ്രഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്യും. ആർ.ജി.സി.ബിയുടെ ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്ട് ടീം തയാറാക്കിയ ഗോമിത്ര ആപ്പ് പീച്ചങ്ങോട് പാറമൂലത്തറവാട്ടില്‍ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. കന്നുകാലികളെ ബാധിക്കുന്ന 16 പ്രധാന രോഗങ്ങളും അവയുടെ പ്രതിവിധികളും ഉള്‍പ്പെടുത്തിയാണ് ഗോമിത്ര ആപ് നിര്‍മിച്ചിരിക്കുന്നത്. റോഡ് ഉദ്ഘാടനം മുട്ടിൽ: ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കെ.കെ. ജങ്ഷൻ-കരിങ്കണ്ണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്കറിയ കൈതമറ്റം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഉഷാ തമ്പി, മേപ്പാടി പഞ്ചായത്ത് മെംബർ രാജു, വികസന സമിതി കൺവീനർ ഏലിയാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ബാബു വേങ്ങാമറ്റം സ്വാഗതവും സാലി വേണാട് നന്ദിയും പറഞ്ഞു. FRIWDL2 കെ.കെ ജങ്ഷൻ-കരിങ്കണ്ണിക്കുന്ന് റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു എഫ്.ആർ.എഫ് വാഹന പ്രചാരണജാഥ പനമരം: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണജാഥക്ക് തുടക്കമായി. കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും മോട്ടോർ വാഹന തൊഴിലാളികളുടെയും കടങ്ങൾ പൂർണമായും എഴുതി തള്ളുക, കർഷക ഭൂമിയിലെ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് വിൽക്കുന്നതിന് അനുവാദം നൽകുക, കർഷകർക്ക് പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടു ദിവസത്തെ വാഹന പ്രചാരണ ജാഥ. ജാഥയുടെ ഉദ്ഘാടനം എഫ്.ആർ.എഫ് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് നിർവഹിച്ചു. ജില്ല പ്രസിഡന്റ് പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോർജ്, ഇബ്രാഹിം മില്ലുമുക്ക്, ചാക്കോ, എ.സി. തോമസ് എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വാഹനജാഥക്ക് ജില്ല കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകും. ജാഥ ശനിയാഴ്ച മാനന്തവാടിയിൽ സമാപിക്കും. FRIWDL4 ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലയിൽ നടത്തുന്ന വാഹനജാഥയുടെ ഉദ്ഘാടനം പനമരത്ത് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് നിർവഹിക്കുന്നു സോളിഡാരിറ്റി യൂത്ത് കാരവൻ ഇന്ന് ജില്ലയിൽ കൽപറ്റ: 'ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. മേയ് 21, 22 ദിവസങ്ങളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. മുസ്‍ലിം വിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയും ഭരണകൂടത്തിൽ സമ്മർദം ചെലുത്തുകയും ചെയ്യുക, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതുന്നവരുടെ ഐക്യനിര രൂപപ്പെടുത്തുക എന്നതാണ് യൂത്ത് കാരവന്റെ ലക്ഷൃം. രാവിലെ ഒമ്പതിന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ് പരിസരത്തുനിന്നും ബൈക്ക് റാലി ആരംഭിച്ച് കൽപറ്റയിൽ സമാപിക്കും. ടൗണിലൂടെ ജാഥ നേതാക്കളെ സ്വീകരിച്ചുകൊണ്ടുള്ള പദയാത്ര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പൊതുയോഗ വേദിയിലേക്ക് നീങ്ങും. ജാഥയുടെ ഭാഗമായുള്ള തെരുവുനാടകം സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ അവതരിപ്പിക്കും. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, സെക്രട്ടറി ഷബീർ കൊടുവള്ളി, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ്, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട് എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ലൈഫ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു സുൽത്താൻ ബത്തേരി: നഗരസഭ പി.എം.എ.വൈ ലൈഫ് പദ്ധതിയിലേക്ക് പുതിയ ഡി.പി.ആർ. സമർപ്പിക്കുന്നതിനുവേണ്ടി സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ താമസിക്കുന്ന ഭൂമിയുള്ള ഭവനരഹിതരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് ഒമ്പതിന് വൈകുന്നേരം അഞ്ചുവരെ നഗരസഭ ഓഫിസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറം നഗരസഭ ഓഫിസിൽനിന്നും ഡിവിഷൻ കൗൺസിലർമാരിൽനിന്നും ലഭിക്കും. ഫോൺ: 04936 220240.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.