P3 Lead *ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ മീനങ്ങാടിയിൽ നാലും ബത്തേരിയിൽ ഒന്നും കടകൾ പൂട്ടിച്ചു സുൽത്താൻ ബത്തേരി: കാസർകോട് ഷവർമ കഴിച്ച് വിദ്യാർഥിനി മരിക്കാനിടയായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിൽ നടത്തുന്ന മിന്നൽ പരിശോധനയിൽ സുൽത്താൻ ബത്തേരിയിൽ ഒന്നും മീനങ്ങാടിയിൽ നാല് കടകളും പൂട്ടിച്ചു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി. സുൽത്താൻ ബത്തേരിയിൽ 15 കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ചില സ്ഥാപനങ്ങൾക്ക് കർശന താക്കീത് നൽകിയിട്ടുണ്ട്. ഏതാനും കടകളിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മീനങ്ങാടിയിൽ നാല് കടകളിൽനിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. കമ്പളക്കാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരികൾക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റിരുന്നു. മാനന്തവാടിയിൽ അഭിഭാഷകരുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവരും കൈതക്കലിൽ കഴിഞ്ഞദിവസം ഒരു വീട്ടിലെ 12 പേരടക്കം 15 ആളുകളും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കാസർകോട്ട് വിദ്യാർഥിനി മരിച്ചതിനൊപ്പം ജില്ലയിലെ സംഭാവവികാസങ്ങളും കൂടിയായതോടെയാണ് പരിശോധന കർശനമാക്കിയത്. മാനന്തവാടി: മാനന്തവാടിയിലും ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും പരിശോധന നടത്തി. നഗരത്തിൽ ഇരുപതോളം കടകളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവയെല്ലാം പരിശോധനക്ക് വിധേയമാക്കി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി മാധവൻ, ജെ.എച്ച്.ഐമാരായ ബി.സ്. രമ്യ, വി. സിമി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ പി. പ്രജിത്ത്കുമാർ, ജെ.എച്ച്.ഐ സജീവ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരും. FRIWDL6 നഗരസഭ ആരോഗ്യ വിഭാഗം മാനന്തവാടിയിൽ പരിശോധന നടത്തുന്നു ................. സ്പോർട്സ്............. സമ്മർ കോച്ചിങ് ക്യാമ്പ് കൽപറ്റ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കായിക അസോസിയേഷനുകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ ജില്ല സ്പോർട്സ് കൗൺസിൽ മേയ് എട്ടു മുതൽ 28 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു. എച്ച്.ആർ.സി കാക്കവയൽ ക്ലബിന്റെ സഹകരണത്തോടെ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക്സും ജില്ല സൈക്ലിങ് അസോസിയേഷന്റെയും ത്രോബാൾ അസോസിയേഷന്റെയും സഹകരണത്തോടെ കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ സൈക്ലിങ്, ത്രോബാൾ ഇനങ്ങളിലും ചെന്നലോട് ചലഞ്ചേഴ്സ് ക്ലബിന്റെ സഹകരണത്തോടെ ചെന്നലോട് ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വോളിബാളിലും എടവക പഞ്ചായത്തിലെ ട്രൈബൽ ക്ലബിന്റെ സഹകരണത്തോടെ ഫുട്ബാളിലും സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് പരിശീലന ദിവസങ്ങളിൽ കായികതാരങ്ങൾക്ക് ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ള കായികതാരങ്ങൾ സ്പോർട്സ് കിറ്റ് സഹിതം ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. റോളർ സ്കേറ്റിങ് കോച്ചിങ് ക്യാമ്പ് സുൽത്താൻ ബത്തേരി: ജില്ല റോളർ സ്കേറ്റിങ് അസോസിയേഷൻ സമ്മർ കോച്ചിങ് ക്യാമ്പ് ഒമ്പത്, 10, 11 തീയതികളിൽ നടക്കും. ഒമ്പതിന് രാവിലെ എട്ടിന് സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കും. 2002 മുതൽ റോളർ സ്കേറ്റിങ് പരിശീലനക്യാമ്പ് വയനാട്ടിൽ നടന്നു വരുകയാണ്. ക്യാമ്പിനോടനുബന്ധിച്ച് ജില്ല ചാമ്പ്യൻഷിപ്പും നടത്താറുണ്ട്. സംസ്ഥാന മത്സരങ്ങളിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്ത വയനാട്ടിലെ കുട്ടികൾ നിരവധിയാണ്. റോളർ സ്കേറ്റിങ് നടത്താനാവശ്യമായ ഗ്രൗണ്ട് വയനാട്ടിൽ ഇല്ലാത്തത് ഈ രംഗത്തെ വലിയ ന്യൂനതയാണ്. ജില്ല പ്രസിഡന്റ് പ്രേംജി ഐസക്, സെക്രട്ടറി കെ. സാൻട്ര റേച്ചൽ, ടോം ജോസ്, സുബിൻ വി. മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബത്തേരിയിൽ വോളി ഫെസ്റ്റ് സുൽത്താൻ ബത്തേരി: വോളിബാൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന സുൽത്താൻ ബത്തേരി വോളി ഫെസ്റ്റ് മേയ് എട്ട്, ഒമ്പത്, 10 തീയതികളിൽ സുൽത്താൻ ബത്തേരി കോട്ടക്കുന്നിലെ പ്രത്യേകം തയാറാക്കിയ ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ വൈകുന്നേരം നാലരക്ക് ആരംഭിക്കും. സീനിയർ വിഭാഗത്തിൽ വോളി അക്കാദമി കല്ലൂർ, നാഷനൽ ലൈബ്രറി മൂലങ്കാവ്, മാസ് മണിച്ചിറ, വയനാട് സിക്സസ്, ഉദയ പാപ്ലശ്ശേരി, ടൗൺ ടീം ബത്തേരി, യുവശക്തി കോട്ടത്തറ എന്നീ ടീമുകൾ പങ്കെടുക്കും. ജൂനിയർ വിഭാഗത്തിൽ ചിത്ര വാളവയൽ, മൂലങ്കാവ് വോളി ടീം, ഉദയ പാപ്ലശ്ശേരി, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി, മൂലങ്കാവ് നാഷനൽ ലൈബ്രറി, ജനത ചൂതുപാറ, യുവപ്രതിഭ കേണിച്ചിറ എന്നീ ടീമുകളും പങ്കെടുക്കും. മത്സരത്തിനുശേഷം മിച്ചം വരുന്ന തുക സുൽത്താൻ ബത്തേരിയിലെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. നഗരസഭ ചെയർമാൻ ടി.കെ. രമേഷ്, സ്വാഗതസംഘം ഭാരവാഹികളായ അഡ്വക്കേറ്റ് സി.യു. ജോണി, റസാക്ക് വയനാട്, ഷമീർ മഠത്തിൽ, കെ.കെ. കുര്യാക്കോസ് മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.