ശുചീകരണ പ്രവൃത്തി: കരാറുകാരനെതിരെ അന്വേഷണം നടത്തണം

ഗൂഡല്ലൂർ: നഗരസഭയുടെ ശുചീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെതിരെ അന്വേഷണം നടത്തണമെന്നും കരാർ റദ്ദ് ചെയ്യണമെന്നും ബുധനാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ ആവശ്യമുയർന്നു. കൂടുതൽ തൊഴിലാളികളെ ജോലിക്കു നിയോഗിച്ചതായി കാണിച്ച് കൂടുതൽ പണം കൈപ്പറ്റുകയും അതേസമയത്ത് കുറഞ്ഞ തൊഴിലാളികളെമാത്രം ജോലിക്കു നിർത്തുകയുമാണ് കരാറുകാരൻ ചെയ്യുന്നത്. ശുചീകരണ തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് നൽകേണ്ട തുകയൊന്നും അടക്കുന്നില്ലെന്നും പരാതിയുണ്ട്. അതിനാൽ കരാർ റദ്ദാക്കുകയും അന്വേഷണം നടത്തുകയും വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഉദ്യോഗസ്ഥരോടും കൗൺസിലർമാരോടും അനാദരവ് കാണിക്കുന്ന സൂപ്പർവൈസർക്കെതിരെ നടപടിയെടുക്കണമെന്ന് കമീഷണറോടും നഗരസഭ ചെയർമാനോടും കൗൺസിൽ ആവശ്യപ്പെട്ടു. വാർഡുകളിൽ നടക്കുന്ന പ്രവൃത്തികൾ പരിശോധിക്കാൻ സൂപ്പർവൈസർ നേരിട്ട് എത്തുന്നില്ലെന്നും കീഴ്ജീവനക്കാരെ അയക്കുകയാണ് ചെയ്യുന്നതെന്നും പരാതിയുയർന്നു. ചില ഉദ്യോഗസ്ഥരുടെ നടപടിമൂലം രേഖകളും വിവരങ്ങളും പുറത്തേക്ക് ചോരുന്നതായും ആരോപിക്കപ്പെട്ടു. നഗരത്തിൽ കളിസ്ഥലമൊരുക്കാൻ പാട്ടത്തിന് സ്ഥലം ഏറ്റെടുക്കണമെന്നും ചുങ്കത്തെ റൗണ്ടാനയിലെ ഫ്ലഡ് ലൈറ്റ് ഒഴിവാക്കി കൃത്രിമ നീരൊഴുക്ക് സ്ഥാപിച്ച് ആകർഷകമാക്കണമെന്ന ആവശ്യവും ഉയർന്നു. ചെയർപേഴ്സൻ പരിമള അധ്യക്ഷത വഹിച്ചു. കമീഷണർ രാജേശ്വരൻ, വൈസ് ചെയർമാൻ ശിവരാജ്, വാർഡ് കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. GDR council:ബുധനാഴ്ച നടന്ന ഗൂഡല്ലൂർ നഗരസഭ ഭരണസമിതി യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.