പുരസ്കാര നിറവിൽ പാരമ്പര്യവിത്തച്ഛൻ

മാനന്തവാടി: പാരമ്പര്യ അറിവുകളും വിത്തിനങ്ങളും സംരക്ഷിച്ച് ജൈവകൃഷിയിൽ വ്യാപൃതനായ കമ്മന ചെറുവയൽ രാമേട്ടന് അർഹതക്കുള്ള അംഗീകാരമായി സംസ്ഥാന സർക്കാറിന്‍റെ കർഷകജ്യോതി പുരസ്കാരം. പട്ടികജാതി-വർഗ വിഭാഗത്തിൽനിന്ന് മികച്ച കർഷകനുള്ള അവാർഡാണ് രാമേട്ടന് ലഭിച്ചത്. പുരസ്‌കാര തിളക്കത്തിലും തന്‍റെ പതിവ് അധ്വാനശൈലിക്ക് മാറ്റംവരുത്തുന്നില്ല രാമേട്ടൻ. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള പുല്ലുമേഞ്ഞ വീട്ടിൽ നൂറ്റാണ്ടുകളുടെ കൃഷിയറിവുകളുമായി രാമേട്ടൻ ലളിതജീവിതം തുടരുകയാണ്. അവാർഡ്‌ വാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് രാമേട്ടനെ തേടിയെത്തിയത്. അറുപതിലേറെ തനതു നെൽ വിത്തിനങ്ങൾക്കു പുറമെ ചേന, ചേമ്പ് പച്ചക്കറി വിത്തുകളും രാമേട്ടൻ സംരക്ഷിക്കുന്നുണ്ട്. 71ാം വയസ്സിന്‍റെ വല്ലായ്മകൾ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെങ്കിലും അധ്വാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല. റാഗിയുടെ പുഞ്ചകൃഷിയും നെല്ലിന്‍റെ നഞ്ചകൃഷിയുമാണ് അദ്ദേഹത്തിന്‍റെ അടുത്ത പദ്ധതികൾ. മൂന്നേക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്ന രാമേട്ടൻ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കാൻ ഒന്നരയേക്കറോളം സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. ബാക്കിവരുന്ന ഒന്നരയേക്കറോളം സ്ഥലത്തുനിന്ന് വീട്ടാവശ്യത്തിനുള്ള കൃഷികളും ചെയ്യുന്നു. പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്ലാൻജിനോം പുരസ്‌കാരം, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ പുരസ്‌കാരം, വിവിധ സംഘടനകളുടെ പേരിലുള്ള നിരവധി പുരസ്‌കാരങ്ങളും മണ്ണിന്‍റെ ഉൾത്തുടിപ്പറിയുന്ന ഈ കർഷകന് ലഭിച്ചിട്ടുണ്ട്​. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന രാജ്യാന്തര സെമിനാറിലും ആദിവാസികളുടെ സംസ്കാരവും ജീവിതവുമായി ബന്ധപ്പെട്ട് ബ്രസീലിൽ നടന്ന സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. SATWDL4 ചെറുവയൽ രാമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.