പുൽപള്ളി: റിഗോഡി ഇഞ്ചി നട്ട കർഷകർ ദുരിതത്തിൽ. വിപണിയിൽ ഇഞ്ചി ആരുമെടുക്കാതായതോടെ കൃഷിയിടങ്ങളിൽ ഇവ നശിക്കുകയാണ്. കിലോക്ക് 10 രൂപ പോലും വിലയില്ലാത്ത അവസ്ഥയുമാണ്. മികച്ച വില പ്രതീക്ഷിച്ച് ആയരക്കണക്കിന് കർഷകരാണ് കർണാടകയിലും വയനാട്ടിലുമായി ഇഞ്ചി കൃഷി ആരംഭിച്ചത്. ഇതിൽ റിഗോഡി ഇനത്തിൽപ്പെട്ട ഇഞ്ചി പച്ചക്കറി ആവശ്യങ്ങൾക്കായാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ ഇനത്തിലുള്ള ഇഞ്ചി മറ്റ് ആവശ്യങ്ങൾക്ക് കാര്യമായി ഉപയോഗിക്കാറുമില്ല. പുൽപള്ളി ചണ്ണോത്തുകൊല്ലി സ്വദേശിയായ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറിച്ച മൂന്ന് ടണ്ണോളം ഇഞ്ചി വിൽക്കാനാവാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വിൽക്കാൻ വയനാട്ടിലെ മുഴുവൻ വിപണികളിലും ശ്രമിച്ചെങ്കിലും നടന്നില്ല. ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയില്ലെങ്കിൽ ഇഞ്ചി പൂർണമായും നശിക്കും. ഇത്തരത്തിൽ ദുരവസ്ഥ നേരിടുന്ന നിരവധി കർഷകരുണ്ട്. കോവിഡ് തുടക്കകാലം മുതൽ ഇഞ്ചിവില കുത്തനെ ഇടിഞ്ഞ് നിൽക്കുകയാണ്. ഇതുവരെ കച്ചവടക്കാർ ഇഞ്ചി വാങ്ങാറുണ്ട്. ഇപ്പോൾ കർഷകർ വിളയുമായി മാർക്കറ്റിലെത്തിയാൽ പുറമെ നിന്ന് ഓർഡറുകൾ ഇല്ലാത്തതിനാൽ ഇഞ്ചി എടുക്കുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പാട്ടത്തിനും മറ്റും സ്ഥലമെടുത്ത് കൃഷി ആരംഭിച്ച കർഷകരാണ് ഏറെ വലയുന്നത്. പലരിൽ നിന്നും കടം മേടിച്ചും മറ്റുമാണ് കൃഷി തുടങ്ങിയത്. ഇവരിൽ പലർക്കും നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. കൂലിച്ചെലവിനുള്ള തുകപോലും ഇഞ്ചി പറിച്ചുവിറ്റാൽ കിട്ടുന്നില്ല. പാട്ടത്തിനെടുത്ത സ്ഥലത്തുനിന്നും ഇഞ്ചി പറിച്ച് ഒഴിവാക്കി തരണമെന്ന് ഉടമകൾ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം ഒരു അവസ്ഥയിൽ വൻ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് കർഷകർ. WEDWDL1 ചണ്ണോത്തു കൊല്ലിയിലെ കർഷകന്റെ ഇഞ്ചി വിൽക്കാനാവാതെ കൂട്ടിയിട്ടിരിക്കുന്നു ആസാം വാള ആർക്കും വേണ്ട; എന്തുചെയ്യണമെന്ന് അറിയാതെ മത്സ്യകർഷകർ പുൽപള്ളി: വിളവെടുപ്പ് സീസണായിട്ടും ആസാം വാള ആർക്കും വേണ്ടാതായതോടെ കർഷകർക്ക് പറയാൻ നഷ്ടക്കണക്കുകൾ മാത്രം. വാങ്ങാൻ ആളും വിലയും ഇല്ലാതായതോടെ ആസാം വാള കൃഷിചെയ്ത വയനാട്ടിലെ നൂറ് കണക്കിന് കർഷകരാണ് കഷ്ടത്തിലായത്. ഫിഷറീസ് വകുപ്പ് ജില്ലയിലെ മഝ്യ കർഷകർക്ക് ഇത്തവണ നൽകിയത് ആസാം വാള കുഞ്ഞുങ്ങളെയായിരുന്നു. നാല് രൂപ 50 പൈസ തോതിലായിരുന്നു ഒരു കുഞ്ഞിന് നൽകിയത്. പൊതുവേ ആസാം വാളക്ക് ഡിമാന്‍റില്ല. കഴിഞ്ഞ ക്രിസ്മസ് കാലത്ത് വിലയിടിവിനെത്തുടർന്ന് കർഷകർ വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് ഈ മീൻ വിൽപന നടത്താൻ ശ്രമിച്ചെങ്കിലും കുറഞ്ഞ തോതിൽ മാത്രമാണ് വിറ്റുപോയത്. കിലോക്ക് 50 രൂപ തോതിലെങ്കിലും വിൽക്കാമെന്ന പ്രതീക്ഷക്കും മങ്ങലേറ്റിരിക്കുകയാണ്. മീൻ കൃഷി ചെലവുകൾ വർധിച്ച നിലയിലാണ്. മിക്ക കർഷകരും മീൻ തീറ്റ കൊടുത്താണ് ഇവയെ വളർത്തുന്നത്. ന്യായവിലയ്ക്ക് ഈ മത്സ്യത്തെ വാങ്ങാൻ ഫിഷറീസ് വകുപ്പ് തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. കുളം നിർമാണത്തിനും മറ്റും പതിനായിരങ്ങൾ ചെലവഴിച്ചാണ് പലരും കൃഷി ആരംഭിച്ചത്. ആസാം വാള കൃഷിയുടെ പേരിൽ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ഫിഷറീസ് വകുപ്പ് ചെയ്തതെന്നാണ് കർഷകരുടെ പരാതി. WEDWDL2 ഉദ്ഘാടനത്തിനൊരുങ്ങി കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷൻ വൈത്തിരി: വൈദ്യുതി വാഹനങ്ങൾ ചാർജ്ചെയ്യുന്നതിനുള്ള കെ.എസ്.ഇ.ബിയുടെ വൈത്തിരിയിലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ഈ മാസം തുടങ്ങും. ദേശീയ പാതയോരത്തു കച്ചേരിപ്പാറയിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി വൈത്തിരി സെക്ഷൻ ഓഫിസിനോട് ചേർന്നാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. ഒരേസമയം രണ്ടു വാഹനങ്ങൾക്ക് ചാർജ്ജ് ചെയ്യാവുന്ന വിധമാണ് സജീകരിച്ചിട്ടുള്ളത്. നിശ്ചിത തുക നൽകി ഇലക്ട്രിക് വാഹനങ്ങൾ ഇവിടെനിന്ന് ചാർജ് ചെയ്യാൻ സാധിക്കും. ദേശീയപാത 766ൽ ജില്ലയിലെ ആദ്യത്തെ സ്റ്റേഷനാണിത്. വയനാട്ടിൽ വൈത്തിരിയിലും പടിഞ്ഞാറത്തറയിലുമാണ് ചാർജിങ് സ്റ്റേഷൻ പൂർത്തീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ഉദ്‌ഘാനം ചെയ്യാൻ തീയതി തീരുമാനിച്ചിരുന്നുവെങ്കിലും ബോർഡ് ചെയർമാന്റെ അസൗകര്യംമൂലം നീട്ടിവെക്കുകയായിരുന്നു. ജില്ലയിലെ മറ്റിടങ്ങളിൽ കെ.എസ്.ഇ.ബി ഓഫിസുകളോട് ചേർന്ന് ആവശ്യമായ സ്ഥലം ലഭിക്കുന്ന മുറക്ക് ചാർജിങ് സ്റ്റേഷനുകളുടെ പണി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. WEDWDL4 വൈത്തിരിയിലെ കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.