ബ്രിട്ടീഷുകാർ നിർമിച്ച ടൂറിസ്റ്റ് ബംഗ്ലാവ് പുതുക്കി പണിയുന്നു

മാനന്തവാടി: ഒരു ശതാബ്ദിക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കോറോം ടൂറിസ്റ്റ് ബംഗ്ലാവ് പുതുക്കിപ്പണിയുന്നു. 23ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗമാണ് ടൂറിസ്റ്റ് ബംഗ്ലാവ് പഴമ നിലനിര്‍ത്തി നവീകരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ബംഗ്ലാവുകളില്‍ തലയെടുപ്പോടെ നിലനില്‍ക്കുന്ന രണ്ട് ടി.ബികളിലൊന്നാണിത്. മറ്റൊന്ന് മാനന്തവാടിയിലേതാണ്​. കോറോം ടി.ബി പൊതുമരാമത്ത് വകുപ്പിന് ലാഭകരമല്ലെങ്കിലും നാട്ടുകാരുടെ പ്രേരണയാല്‍ പൈതൃകസംരക്ഷണമെന്ന നിലയില്‍ നിലനിര്‍ത്തിവരികയാണ്. വയനാട്ടിലെത്തുന്ന ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥര്‍ കോറോം ടി.ബി യില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ തങ്ങിയിരുന്നതായും വിശ്രമകേന്ദ്രമെന്ന നിലയില്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. ടി.ബിയോട് ചേര്‍ന്നുണ്ടായിരുന്ന കുതിരലായം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തകര്‍ന്നത്. നിലവിലുള്ള കെട്ടിടത്തിന്‍റെ മരം കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയുടെ പലഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. തുടര്‍ന്നാണ് മരം പൂര്‍ണമായും നീക്കം ചെയ്ത് പകരം ജി.ഐ പൈപ്പുപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ച്​ കെട്ടിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായത്. നവീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൂര്‍ണമായും എടുത്തുമാറ്റി. എന്നാല്‍, കാലവര്‍ഷം അടുത്തെത്തിനിൽക്കെ മേല്‍ക്കൂരമാറ്റിയത് ചുമരുകള്‍ തകരാനിടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ജില്ലയില്‍ ടൂറിസം സാധ്യതകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നവീകരിക്കുന്ന ടി.ബി വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുമെന്നാണ് കരുതപ്പെടുന്നത്. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.