കൽപറ്റ: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വയനാട്ടിലെ സംഘടനകൾ കലക്ടറേറ്റ് മാർച്ചും സെക്രട്ടറിയേറ്റ് ഉപരോധവും നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ചേംബർ ഓഫ് കൊമേഴ്‌സും ബിൽഡിങ് ഓണേർഴ്സ് അസോസിയേഷനും നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ കൂട്ടായ്‌മയാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നത്. 27ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിൽ അയ്യായിരത്തോളം പേരെ പങ്കെടുപ്പിക്കും. അടുത്ത മാസം ആദ്യം തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധത്തിലും അയ്യായിരം പേരെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വരും മാസങ്ങളിൽ തുടർ സമരങ്ങൾ നടത്താനാണ് കൽപറ്റയിൽ ചേർന്ന സംഘടനകളുടെ യോഗം തീരുമാനിച്ചത്. പത്തോളം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. ഇടുക്കി, എറണാകുളം ജില്ലകൾ ഉൾപ്പെടെ ബഫർ സോൺ വിഷയം നേരിടുന്ന ജില്ലകളിൽ സമാന മനസ്കരായ സംഘടനകളെ ഏകോപിപ്പിക്കാനും യോഗത്തിൽ ധാരണയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ശക്തമാക്കുന്നതിനൊപ്പം രാജ്യത്തെ മുൻനിര അഭിഭാഷകരുടെ കൂടി സഹായം തേടും. കൽപറ്റ വ്യാപര ഭവനിൽ നടന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. വാസുദേവൻ, വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് ജോണി പാറ്റാനി, ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് അബ്ദുൽ മനാഫ്, ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസിസ്, അനീഷ് നായർ, ഫാദർ തേരകം, ഒ.വി. വർഗീസ്, ഇ. ഹൈദ്രു, ലക്ഷ്മണ ദാസ്, കെ. ഉസ്മാൻ, പി.വൈ. മത്തായി എന്നിവർ സംസാരിച്ചു. SUNWDL2 പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ ചേർന്ന യോഗത്തിൽ ജോണി പാറ്റാനി സംസാരിക്കുന്നു സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് പുൽപള്ളി: വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ബഫർസോൺ പരിധിയിൽ ഉൾപ്പെടുന്നതോടെ ജനവാസ കേന്ദ്രങ്ങളെയടക്കം പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തൽ. കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതം, രാജീവ്ഗാന്ധി നാഷനൽ പാർക്ക് എന്നിവയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണിത്. ബഫർസോൺ വിധിക്കെതിരെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭായോഗം ചേർന്നു. ജനങ്ങളെ ഒന്നാകെ ബാധിക്കുന്ന കോടതി വിധിക്കെതിരെ സർക്കാരിന്‍റെ ഭാഗത്തുനിന്നും ശകതമായ നടപടികൾ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ സമരമുഖത്തേക്ക് കടക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വിജയൻ പറഞ്ഞു. ബഫർസോൺ സീറോ പോയന്‍റിൽ നിലനിർത്തണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർതലത്തിൽ നടപടി ഉണ്ടാകണം. സുപ്രീം കോടതിയിൽ ജനങ്ങൾക്കുവേണ്ടി സംസഥാന സർക്കാർ കക്ഷി ചേരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം ബീന ജോസ്, ഷിനു കച്ചിറയിൽ, പി.കെ. ജോസ്, ലില്ലി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. പൂതാടി പള്ളിയിൽ പ്രതിഷേധ സംഗമം സുൽത്താൻ ബത്തേരി: സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൂതാടി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് നെടുന്തള്ളിയിൽ എന്നിവർ നേതൃത്വം നൽകി. SUNWDL3: ബഫർ സോൺ സുപ്രീം കോടതി വിധിക്കെതിരെ പൂതാടി പള്ളിയിൽ നടന്ന പ്രതിഷേധം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം മീനങ്ങാടി: സുപ്രീം കോടതി ഉത്തരവ് വയനാട്, നീലഗിരി മേഖലയിലെ ജനജീവിതം ദുരിതപൂർണമാക്കും എന്നതിനാൽ ജനവാസ കേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ പ്രമേയം അവതരിപ്പിച്ചു. ഫാ. എൽദോ അതിരമ്പുഴയിൽ, ഫാ. കെന്നി ജോൺ മാരിയിൽ, ഫാ. അനൂപ് ചാത്തനാട്ടുകുടി, ട്രസ്റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോ. ട്രസ്റ്റി ജോഷി മാമുട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.