ദിവസങ്ങൾക്കിടെ മണ്ണിനടിയിൽപെട്ട്​ രണ്ട്​ മരണം; നടുക്കം മാറാതെ നാട്​

കൽപറ്റ: ജില്ലയിൽ ദിവസങ്ങൾക്കിടെ മണ്ണിനടിയിൽപെട്ട്​ രണ്ട്​ തൊഴിലാളികൾ മരിച്ചതിന്‍റെ ആശങ്കയിൽ നാട്​. കൊളവള്ളിയിൽ ചെറുകിട ജലസേചന വകുപ്പിന്‍റെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പമ്പ്​ഹൗസ്​ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തമിഴ്നാട്​ ഈറോഡ്​ സ്വദേശി ഭൂമിനാഥൻ തിങ്കളാഴ്ച മരിച്ചത്​ നാടി​ന്‍റെ നടുക്കമായി. സഹപ്രവർത്തകൻ പ്രകാശന്​ (40) ഗുരുതര പരിക്കേൽക്കുകയും ചെയ്തു. എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിൽ കുന്നിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞ്​ തൊഴിലാളി ബുധനാഴ്ച മരിച്ചിരുന്നു. മാനന്തവാടി ചോയിമൂല കയ്യേറ്റ ഭൂമിയിൽ താമസക്കാരനായ തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ എ.കെ. മണി (35) ആണ് ജൂൺ എട്ടിന്​​ മരിച്ചത്. കണിയാരം ആലക്കണ്ടി പ്രമോദിന്​ (46) അപകടത്തിൽ പരിക്കേറ്റു. മണ്ണുമാന്തി ഉപയോഗിച്ച് മൺതിട്ട ഇടിച്ചുനിരത്തി കാന കീറി കോൺക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനിടെ മുപ്പതടിയോളം പൊക്കത്തിൽ നിന്ന് മണ്ണിടിഞ്ഞ് കുഴിയിൽ ജോലി ചെയ്യുകയായിരുന്ന മണിയുടെയും പ്രമോദിന്‍റെയും ദേഹത്ത് വീഴുകയായിരുന്നു. മണി പൂർണമായും മണ്ണിനടിയിൽ അമർന്നുപോയി. പ്രമോദിന്‍റെ കഴുത്തിനൊപ്പം മാത്രം മണ്ണ് ഉണ്ടായതിനാൽ രക്ഷപ്പെടുകയായിരുന്നു. അനുമതി ഇല്ലാതെയാണ് പ്രവൃത്തി നടന്നിരുന്നതെന്ന് സ്ഥലം സന്ദർശിച്ച റവന്യു, പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത അശാസ്​ത്രീയ മണ്ണെടുപ്പാണ്​ അപകടങ്ങൾക്ക്​ ഇടയാക്കുന്നതെന്ന്​ ആരോപണമുണ്ട്​. മുള്ളൻകൊല്ലി പഞ്ചായത്തിലെ വിശാല പാടശേഖരമായ കൊളവള്ളിയിലെ 50 ഏക്കർ ജലസേചനപദ്ധതിയ്ക്ക് മൂന്ന്​ കോടി രൂപയാണ് പമ്പ് ഹൗസിനും പൈപ്പുകൾക്കുമായി ചിലവഴിക്കുന്നത്. സമീപത്ത് കൂടി ഒഴുകുന്ന കബനി നദിയിൽ നിന്ന് ജലം പമ്പ് ചെയ്ത് പാടശേഖരത്തിൽ ജലം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി 10 ഓളം തൊഴിലാളികൾ രണ്ട്​ മാസമായി ഇവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഭൂമിനാഥനും സഹപ്രവർത്തകരും പൈപ്പിന് കുഴിയെടുക്കവേ മഴയത്ത് നനഞ്ഞ് കുതിർന്ന മണ്ണ് ശരീരത്തിൽ പതിക്കുകയായിരുന്നു. മണ്ണ് ഇടിയുന്നത് കണ്ട ചിലർ ഓടി മാറി രക്ഷപ്പെട്ടെങ്കിലും ഭൂമിനാഥനും പ്രകാശനും ചളിയിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. MONWDL5 കൊളവള്ളിയിൽ പമ്പ്​ഹൗസ്​ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ​തൊഴിലാളി മരിച്ച സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.