തിരുവനന്തപുരം: നഗരഹൃദയത്തിലെ മ്യൂസിയത്തിന് സമീപം പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്.
പ്രതി വന്നെന്ന് സംശയിക്കുന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ ഡി.ജി.പി അജിത്കുമാറിന്‍റെ നേതൃത്വത്തിൽ വിപുലമായ സംഘത്തെ നിയോഗിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രത്തെ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. സ്ത്രീക്കുനേരെ ലൈംഗികാതിക്രമമുണ്ടായ ദിവസം കുറവൻകോണം ഭാഗത്ത് നിരവധി വീടുകളില്‍ നടന്ന മോഷണദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട് ആക്രമിച്ച പ്രതിക്ക് തന്നെ ആക്രമിച്ച പ്രതിയുമായി സാദൃശ്യമുണ്ടെന്ന് പരാതിക്കാരിയും പറയുന്നു. പല വീടുകളിലെയും സി.സി.ടി.വി കാമറകൾ തുണി കൊണ്ട് മറച്ചാണ് മോഷ്ടാവ് മോഷണശ്രമം നടത്തിയിട്ടുള്ളത്. ഈ ദൃശ്യത്തിലുള്ള യുവാവിന് അക്രമിയുമായി സാമ്യമുണ്ടെന്നാണ് രേഖാചിത്രം കണ്ട പല സമീപവാസികളും പറയുന്നത്.
അതിനിടെ ബുധനാഴ്ച പുലര്‍ച്ച സെക്രട്ടേറിയറ്റിനും പൊലീസ് ആസ്ഥാനത്തിനും കിലോമീറ്ററുകൾ മാത്രം ദൂരെയുള്ള ഇടത്ത് ഉണ്ടായ ആക്രമണത്തിൽ പൊലീസിന്‍റെ അന്വേഷത്തിൽ പരാതിക്കാരി ഉൾപ്പെടെ അസംതൃപ്തരാണ്.
നഗരത്തിലെ പല സി.സി.ടി.വികളും പ്രവര്‍ത്തനരഹിതമാണെന്നത് അന്വേഷണത്തില്‍ പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാൽ, സാങ്കേതിക സഹായം ഉൾപ്പെടെ വിനിയോഗിച്ച് പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസിന്‍റെ വാദം. അതിനായി വിശദമായ അന്വേഷണം തന്നെ നടത്തുന്നെന്നാണ് അവർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.