വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനം നടപ്പാക്കുന്നയിടത്തെ നിർമിതികള്‍
വട്ടിയൂര്‍ക്കാവ്: കിഫ്ബി ധനസഹായത്തോടുകൂടിയുള്ള വട്ടിയൂര്‍ക്കാവ് ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത വസ്തുവിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. പദ്ധതിയുടെ ഒന്നാം റീച്ചായ ശാസ്തമംഗലം-മണ്ണറക്കോണം റോഡിലാണ് പൊളിക്കല്‍ ആരംഭിച്ചത്. വി.കെ. പ്രശാന്ത് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പണികള്‍ ആരംഭിച്ചത്.
3.7 കീ.മീ ദൂരമുള്ള ഒന്നാം റീച്ചില്‍ 487 നിർമിതികളാണ് ഉള്‍പ്പെടുന്നത്. റോഡിന്റെ ഇരുവശങ്ങളും വെവ്വേറെയാണ് ടെന്‍ഡര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ മെറ്റല്‍ സ്ക്രാപ്പ് ട്രേഡ് കോര്പറേഷന് ലിമിറ്റഡ് മുഖേനയാണ് പൊളിക്കലിനുള്ള ടെന്‍ഡര്‍ നടപ്പാക്കിയത്. ആകെയുള്ള 487 നിർമിതികളില് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഒരെണ്ണം ഒഴികെ 476 കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികളാണ് നടക്കുന്നത്. രേഖകള്‍ കൈമാറി നഷ്ടപരിഹാരം കൈപ്പറ്റിയ 355 നിർമിതികള്‍ പൊളിക്കുന്നതിനാണ് ആദ്യഘട്ട കരാര്‍. റോഡിന്റെ ഇടതുവശം 174ഉം വലതുവശം 181 നിർമിതികളുമാണുള്ളത്. വലതുവശത്തെ കരാര്‍ എടുത്ത അല്‍ജസീറ ഫര്‍ണിച്ചര്‍ ആന്‍ഡ് സ്ക്രാപ്പ് ഡീലേഴ്സ് എന്ന സ്ഥാപനമാണ് പ്രവൃത്തി തുടങ്ങിയത്. 10,41,035 രൂപയ്ക്കാണ് അല്‍ജസീറ കരാര്‍ എടുത്തിരിക്കുന്നത്. ഇടതുവശത്തെ നിർമിതികള്‍ പൊളിക്കുന്നതിന് എസ്.എന്‍.എസ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് എന്ന സ്ഥാപനം 10,10,001 രൂപയ്ക്കാണ് കരാര്സമര്പ്പിച്ചത്. രണ്ട് മാസം കൊണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ കഴിയുമെന്ന് നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് അറിയിച്ചു.
823 കോടി രൂപ കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. വട്ടിയൂര്‍ക്കാവ് ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡും ട്രിഡയുമാണ് എസ്.പി.വി കള്‍.
ശാസ്തമംഗലം-വട്ടിയൂര്‍ക്കാവ്-പേരൂര്‍ക്കട റോഡ് മൂന്ന് റീച്ചുകളിലായി 10.75 കിലോമീറ്റര്‍ ദൂരം 18.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേര്‍ത്തുളള സമഗ്രപദ്ധതിയാണ് നടപ്പാക്കുന്നത്.
വട്ടിയൂര്‍ക്കാവ് ജങ്ഷന് വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനും റോഡ് നിർമാണത്തിനും വകയിരുത്തിയിരുന്ന 341.79 കോടി രൂപ പുനര്‍നിര്‍ണയിച്ച് 735 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 2,36,14,343 രൂപ വകയിരുത്തിയിട്ടുണ്ട്.
പുനരധിവാസ പദ്ധതിക്കായി ട്രിഡ ഏറ്റെടുത്ത സ്ഥലത്തെ നിർമിതികള്‍ പൊളിച്ചു. 89 കോടി രൂപയാണ് പുനരധിവാസ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ചിലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.