ശ്യമിലി
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്തതോടെ പരാതിക്കാരിക്കെതിരെ ആക്ഷേപവുമായി സഹപ്രവർത്തകർ. 600ൽപരം അഭിഭാഷകർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിലൂടെയാണ് മുതിർന്ന വനിതകൾ ഉൾപ്പെടെ പരാതിക്കാരി ശ്യാമിലി ജസ്റ്റിനെ അവഹേളിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ഇതിനോടുള്ള ശ്യാമിലിയുടെ വൈകാരിക പ്രതികരണം പുറത്തുവിട്ടും അപമാനിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ബെയ്ലിന് ദാസിനെ ഓഫിസിൽനിന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസുകാരെ അനുവദിക്കില്ലെന്ന് ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ തന്നോട് പറഞ്ഞ കാര്യം ശ്യാമിലി മാധ്യമങ്ങളിലൂടെ ആവർത്തിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണ് നേതാക്കള്‍ക്കും മറ്റ് അഭിഭാഷകർക്കും സഹപ്രവർത്തകകൂടിയായ വനിത അഭിഭാഷകയോടുള്ളത്.
ഇതിന്റെ തുടർച്ചയായി പലരുടെയും ഭാഗത്തുനിന്ന് ശ്യാമിലിയെ ഒറ്റപ്പെടുത്തുന്ന നിലപാടുകള്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ബെയ്ലിനെ രക്ഷിക്കാനായി പ്രശ്നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ശ്യാമിലി ശക്തമായ നിലപാട് സ്വീകരിക്കുകയും പൊതുസമൂഹത്തില്‍നിന്ന് വലിയ പിന്തുണ ഉണ്ടാകുകയും ചെയ്തതോടെയാണ് ബെയ്ലിന്റെ അറസ്റ്റിലേക്കും റിമാന്‍ഡിലേക്കും കാര്യങ്ങളെത്തിയത്.
അഭിഭാഷകരുടെ ഗ്രൂപ്പില്‍ തന്നെ കുറ്റക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇതുസംബന്ധിച്ച് ശ്യാമിലി ജസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘സീനിയർ വനിത അഭിഭാഷകരുടെ ഭാഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി. ബാർ അസോസിയേഷനിൽ ഒത്തുതീർപ്പാക്കേണ്ട പ്രശ്നമാണെന്നാണ് അവർ പറഞ്ഞത്. ശബ്ദ സന്ദേശം പുറത്തുവിട്ടതും താനല്ല. ബാർ അസോസിയേഷൻ തനിക്ക് എതിരെ നിന്നിട്ടില്ലെന്നും ഭാരവാഹികൾ തനിക്കെതിരെ പറഞ്ഞിട്ടില്ല. പ്രതിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പിന്തുണച്ചോട്ടെ. അത് തന്നെ അധിക്ഷേപിക്കുന്നതായപ്പോഴാണ് പ്രതികരിച്ചത്.
മേക്ക് അപ്പ് മുഖം കാണിക്കേണ്ട കാര്യമില്ല. സഹതാപം ആവശ്യമില്ല. അതുപോലെ ഒറ്റപ്പെടുത്തുമെന്നും ആശങ്കയില്ല. ബാർ അസോസിയേഷൻ സെക്രട്ടറി പൊലീസിനോട് ഓഫിസിൽ കയറേണ്ട എന്ന് പറഞ്ഞതായി ഞാൻ പറഞ്ഞിട്ടില്ല. പൊലീസ് വക്കീൽ ഓഫിസിൽ കയറേണ്ടെന്ന് തന്നോടാണ് പറഞ്ഞത്. സെക്രട്ടറി പറഞ്ഞത് അസോസിയേഷൻ തീരുമാനമാണ്. 600ഓളം അഭിഭാഷകർ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടായത്. ഇരയെന്ന നിലയിൽ ആർക്കും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള അധിക്ഷേപം ഉണ്ടായി. അധിക്ഷേപിച്ചവരുടെ പേര് പറയുന്നില്ല. പേടിയുണ്ടായിട്ടല്ല’’-ശ്യാമിലി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഇന്നാണ് കൂടുതല്‍ അറിയുന്നതെന്ന് ശ്യാമിലി വാട്സാപ്പ് ഗ്രൂപ്പിൽ പറയുന്നു. ‘‘കാര്യം എന്താണെന്നു പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുകയാണ്. എന്റെ കാലുകൊണ്ട് ഞാന്‍ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. ഞാന്‍ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു. ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്. ഇത്രയും കുറ്റപ്പെടുത്താന്‍ ഞാന്‍ എന്തു തെറ്റ് ചെയ്തുവെന്ന് അറിയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. ഞാന്‍ ബാര്‍ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി മനഃപൂര്‍വം സത്യസന്ധമല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല.
കേസിനെതിരെ എന്തു നിലപാടും എടുത്തോട്ടെ. ഇനി പ്രതിയെ വെറുതെ വിട്ടാലും കുഴപ്പമില്ല. എനിക്കു നീതി കിട്ടിക്കഴിഞ്ഞു. നാളെ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ സഹോദരിമാര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. എന്റെ സ്ഥാനത്ത് നിങ്ങളുടെ ആരെങ്കിലും വന്നാലെ ഈ അവസ്ഥ മനസ്സിലാകൂ. ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ കൂടെ നില്ക്കുന്നില്ല. കേരളജനതയാണ് ഒപ്പമുള്ളത്. എന്താണ് ഇതിനകത്തു നടക്കുന്നതെന്ന് അവര്‍ അറിയട്ടെ. മാധ്യമങ്ങളാണ് എന്നെ സഹായിക്കുന്നതെങ്കില്‍ ഞാന്‍ അവര്‍ക്ക് ഒപ്പം തന്നെയാണ്. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എനിക്കെതിരെ കേസ് എടുക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്താല്‍ പോലും പറഞ്ഞതില്‍ ഒരു മാറ്റവും ഇല്ല’’ -ശ്യാമിലിയുടെ സന്ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.