പത്മനാഭസ്വാമി ക്ഷേത്രം പൈങ്കുനി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ശ്രീലകത്തുനിന്ന് പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പി മാക്കരംകോട് വിഷ്ണു വിഷ്ണുപ്രകാശ്, പഞ്ചഗവ്യത്തുനമ്പി അരുമണിതായ നാരായണ രാജേന്ദ്രനും ചേർന്ന് കിഴക്കേനട സ്വർണകൊടിമരത്തിന് സമീപം കൊണ്ടുവന്നു. തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഏറ്റുവാങ്ങി.

കൊടിയേറ്റ് പൂജകൾക്കുശേഷം വാദ്യഘോഷങ്ങളോട് കൂടി കൊടിയേറ്റ് ചടങ്ങ് നടത്തി. യോഗത്ത് പോറ്റിമാരായ നെയ്തശ്ശേരി മനോജ്, കൊല്ലൂർ അത്തിയറ മഠം രാമരു, വഞ്ചിയൂർ അത്തിയറ മഠം കൃഷ്ണരൂ, കൂപക്കരമഠം സഞ്ജയ് കുമാർ എന്നിവരും സന്നിഹിതരായി. ഇതിനൊപ്പം ക്ഷേത്രവളപ്പിലെ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും കൊടിയേറ്റുന്നതിനുള്ള പൂജിച്ച കൊടികൂറയും കൊടികയറും തിരുവാമ്പാടി നമ്പി മാക്കരംകോട് നാരായണൻ വാസുദേവൻ വെള്ളികൊടിമര ചുവട്ടിൽ കൊണ്ടുവന്ന് തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സജി നമ്പൂതിരിപ്പാടിനെ ഏൽപിച്ചു. പൂജകൾ നടത്തി തന്ത്രി കൊടിയേറ്റി.

കൊടിയേറ്റ് ചടങ്ങുകൾക്ക് ക്ഷേത്രം ഭരണസമിതി അംഗം ആദിത്യവർമ, കുമ്മനം രാജശേഖരൻ, പ്രഫ. മാധവൻ നായർ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ബി. സുരേഷ് കുമാർ, മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യം അസിസ്റ്റന്‍റ് ഇൻ ചാർജ് സുനിൽകുമാർ, ട്രസ്റ്റ് അഡ്മിസ്ട്രേറ്റർ രാജരാജവർമ, സെക്രട്ടറി വെങ്കിടേശ്വര അയ്യർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മുളപൂജക്കായുള്ള മണ്ണുനീർ കോരൽ ചടങ്ങും നടന്നു.

14ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട ചടങ്ങ് നടക്കും. വിഷുദിനമായ 15ന് വൈകീട്ട് ശംഖുംമുഖത്തേക്കുള്ള ആറാട്ട് എഴുന്നള്ളത്തിനും ആറാട്ടിനും ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. എട്ടാം ഉത്സവദിവസമായ 13ന് രാത്രി 8.30ന് ഉത്സവശീവേലിയിൽ വലിയകാണിക്ക ചടങ്ങ് നടക്കും. കോവിഡിന് ശേഷം ആചാരപ്രകാരം പൂർണതോതിലുള്ള ഉത്സവമാണ് ഇക്കുറി നടത്തുന്നത്. ദിവസവും രാത്രി 10.30ന് നാടകശാല മുഖപ്പിൽ കഥകളിയും സന്ധ്യക്ക് മണ്ഡപങ്ങളിൽ ക്ഷേത്രകലകളും അരങ്ങേറും. ആറാട്ടിന് ഇരവിപേരൂർ ശ്രീകൃഷ്ണക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്ണുക്ഷേത്രം, തൃപ്പാദപുരം മഹാദേവക്ഷേത്രം, ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ വിഗ്രഹങ്ങളെ കൂടിയാറാട്ടിന് എഴുന്നള്ളിക്കും.

ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റവുമുണ്ട്. രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ 7 വരെയും 8.30 മുതൽ 10 വരെയും വൈകീട്ട് അഞ്ച് മുതൽ ആറ് വരെയുമാണ് ദർശനസമയം. ആറാട്ട് ദിവസമായ 15ന് രാവിലെ 8.30 മുതൽ 10 വരെ മാത്രമായിരിക്കും വിഷുക്കണി ദർശനം. ഉത്സവത്തിന് മുമ്പുള്ള കലശങ്ങളും മറ്റ് താന്ത്രികചടങ്ങുകളും തന്ത്രിക്കുണ്ടായ അസൗകര്യത്തെ തുടര്‍ന്ന് ഇക്കുറി മാറ്റിവെച്ചിരുന്നു. ഇവയെല്ലാം ആറാട്ടിനുശേഷം നടത്തും.

Tags:    
News Summary - The Padmanabhaswamy Temple Paingkuni festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.