ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നാരങ്ങാ വിളക്ക് കത്തിക്കുന്ന ഭക്തർ -അരവിന്ദ് ലെനിൻ
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഏഴാം ദിനത്തിൽ എത്തുമ്പോൾ പൊങ്കാലയ്ക്കുള്ള ഒരുക്കം പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 13നാണ് പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. 13ന് രാവിലെ 10.15 ന് അടുപ്പ്വെട്ടും പൊങ്കാലയും. ഉച്ചക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്ത് നടക്കും. 11 ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ദേവി എഴുന്നള്ളും. 14ന് പുലർച്ചെ 5ന് തിരിച്ചെഴുന്നള്ളത്ത്. 9 മണിയോടെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച രാത്രി 10ന് കാപ്പഴിച്ച് നട അടയ്ക്കും. പുലർച്ചെ 1ന് കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും.
ക്ഷേത്രപരിസരത്ത് പൊങ്കാലയര്‍പ്പിക്കുന്നതിനായി സ്ഥലസൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പതിവിലും അധികമായി പൊങ്കാലയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിവിധയിടങ്ങളിലായി സ്ഥലം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും ആഹ്വാന പ്രകാരം ഇത്തവണയും ഹരിത പൊങ്കാലയായിരിക്കും. അന്നദാനത്തിലും ദാഹജല വിതരണത്തിനും വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ.
തിങ്കളാഴ്ച ദീപാരാധന തൊഴാനെത്തിയ ഭക്തരുടെ തിരക്ക്
ട്രസ്റ്റിന്റെ അന്നദാനവിരണ സ്ഥലങ്ങളിലെല്ലാം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളുമാണ് ഉപയോഗിക്കുന്നത്. കഠിനമായ ചൂട് ആയതിനാല്‍ നിശ്ചിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നും ട്രസ്റ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. നവീകരണം പൂർത്തിയാക്കിയ റോഡുകളിൽ പൊങ്കാല അർപിക്കുമ്പോൾ ടൈലുകൾക്ക് കേടുപാടുണ്ടാകാതെ ശ്രദ്ധിക്കണമെന്ന നിർദ്ദേശം നഗരസഭയും മുന്നോട്ടുവച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
ട്രസ്റ്റ് ചെയര്മാന് എസ്. വേണുഗോപാല്‍, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്കുമാര്, ട്രഷറര്‍ എ. ഗീതാകുമാരി, ജോയിന്റ് സെക്രട്ടറി എ.എസ് ആനുമോദ്, ഉത്സവ കമിറ്റി ജനറല്‍ കണ്‍വീനര്‍ ഡി. രാജേന്ദ്രന് നായര്‍, മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ കമിറ്റി കണ്‍വീനര്‍ ആര്.ജെ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.