സൂക്ഷ്‌മ പരിശോധന പൂർത്തിയായി; തള്ളിയത് 527 പത്രികകൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിൽ 527 പത്രികകൾ തള്ളി. വനിതകളുടെ 274 പത്രികകളും പുരുഷന്മാരുടെ 253 പത്രികകളും തള്ളി. സംസ്ഥാനത്ത് കൂടുതൽ പത്രിക തള്ളിയതും തലസ്ഥാന ജില്ലയിലാണ്. 7985 സ്ഥാനാർഥികളുടെ 11192 പത്രികളാണ് അംഗീകരിച്ചത്. കോര്‍പറേഷനില്‍ 933 പേരുടെയും ജില്ല പഞ്ചായത്തില്‍ 253 പേരുടേയും പത്രിക സ്വീകരിച്ചു. 21ന് നാമനിർദേശപത്രിക സമര്‍പ്പിക്കേണ്ട സമയപരിധി പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 12938 പേരാണ് പത്രിക സമർപ്പിച്ചത്.

സൂഷ്മപരിശോധനയിൽ ജില്ല പഞ്ചായത്തില്‍ ലഭിച്ച 254 പത്രികകളിൽ ഒരണ്ണം തള്ളി. കോര്‍പറേഷനിലെ 101 വാര്‍ഡുകളിലായി ലഭിച്ച എല്ലാ പത്രികകളും അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നുവരെ ലഭിച്ച എല്ലാ നാമനിർദേശ പത്രികകളും ഓരോന്നായാണ് സൂക്ഷ്‌മപരിശോധന നടത്തിയത്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് വരെയാണ്. അതിനുശേഷം വരണാധികാരികൾ സ്ഥാനാർഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതോടെ മത്സര ചിത്രം തെളിയും.

വിമതർ പത്രിക നൽകിയ ഇടങ്ങളിൽ പിൻവലിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ എല്ലാ മുന്നണികളും നടത്തുന്നുണ്ട്. കോർപറേഷൻ, നഗരസഭ വാർഡുകളെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് വിമതശല്യം കൂടുതൽ. വിമതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ ആവർത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും മിക്കവരും വഴങ്ങാൻ തയാറായിട്ടില്ല.

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കാൻ ഇനി അധികം സമയമില്ലെന്നിരിക്കെ വിമതരെ മെരുക്കാനുള്ള ശ്രമവും എല്ലായിടങ്ങളിലും നടക്കുന്നു. തിങ്കളാഴ്ച അന്തിമ സ്ഥാനാർഥി പട്ടിക വരുന്നതോടെ പ്രചാരണം കൂടുതൽ ഉൗർജിതമാവും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുള്ള മേൽക്കൈ നിലനിർത്താൻ എല്ലാ ശ്രമങ്ങളും എൽ.ഡി.എഫ് നടത്തുമ്പോൾ വിജയ പ്രതീക്ഷയോടെ പ്രചാരണ രംഗത്ത് സജീവമാണ് യു.ഡി.എഫ്. പഞ്ചായത്തുകളിൽ നില മെച്ചപ്പെടുത്താനും തിരുവനന്തപുരം കോർപറേഷനിലുൾപ്പെടെ സ്വാധീന മേഖലകളിൽ കരുത്ത് കാട്ടാൻ ബി.ജെ.പിയും ശ്രമിക്കുന്നു. 

Tags:    
News Summary - Scrutiny completed; 527 papers rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.