മുഹമ്മദ് നിഹാല്‍
പാറശ്ശാല: അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പാറശ്ശാല പൊലീസിന്റെ പിടിയിലായി. കേരളത്തിനകത്തും പുറത്തും എം.ഡി.എം.എ ഉള്‍പ്പെടെ രാസലഹരികള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കോട്ടപ്പള്ളി തോടന്നൂര്‍ ചെറിയനാറാണത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25) ആണ് പിടിയിലായത്.
ബംഗളൂരുവിലെ മലയാളി വിദ്യാർഥികള്‍ക്കുള്‍പ്പെടെ രാസലഹരി കൈമാറ്റം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ബാംഗളൂരുവില്‍നിന്ന് എം.ഡി.എം.എയുമായി വന്ന അമരവിള സ്വദേശി അനുവിനെയും മുട്ടത്തറ സ്വദേശി ശ്രീജിത്തിനെയും പാറശ്ശാല പൊലീസ് പിടികൂടിയിരുന്നു.
ഇവരില്‍നിന്ന് 47 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. പൊലീസിനോട് തങ്ങള്‍ക്ക് ലഹരി മരുന്നുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മുഹമ്മദ് നിഹാലിനെക്കുറിച്ച് ഇവർ വെളിപ്പെടുത്തി. ഇതിനിടെ വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.
പാറശ്ശാല എസ്.എച്ച്.ഒ സജിയുടെ നിർദേശപ്രകാരം എസ്.ഐ ദിപുവാണ് പ്രതിയെ പിടികൂടിയത്. സംഘത്തിന് ലഹരി എത്തിച്ചുനല്‍കുന്ന വിദേശ കണ്ണികളെക്കുറിച്ചും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മലയാളികളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പാറശ്ശാല പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.