ബെന്‍ ഡാര്‍വിന്‍,വിനോദ്, എം. പ്രദീപ്
പാറശ്ശാല: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന ജില്ല പഞ്ചായത്ത് ഡിവിഷനാണ് പാറശ്ശാല. അപ്രതീക്ഷിതമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയുടെ രംഗപ്രവേശനം മത്സരം കൂടുതല്‍ കടുപ്പമുള്ളതാക്കുന്നു.
സീറ്റ് നിലനിർത്താനായി എല്‍.ഡി.എഫും തിരികെ പിടിക്കാനായി യു.ഡി.എഫും അട്ടിമറി വിജയം പ്രതീക്ഷിച്ച് എന്‍.ഡി.എയും പ്രചാരണരംഗത്ത് സജീവമാണ്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ഉദിയന്‍കുളങ്ങര, പരശുവയ്ക്കല്‍, പാറശ്ശാല ടൗണ്‍, ചെങ്കവിള, കരുമാനൂര്‍, പൊന്‍വിള എന്നീ ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് പാറശ്ശാല ജില്ല പഞ്ചായത്ത് ഡിവിഷന്‍.
കുളത്തൂര്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ പുന:ക്രമീകരണത്തില്‍ പാറശ്ശാല ഡിവിഷനിൽ നിന്നുമാറി. 2000 മുതല്‍ 2015 വരെ കോണ്‍ഗ്രസിന്റെ കൈവശം ഇരുന്ന പാറശ്ശാല ഡിവിഷന്‍ 2015ല്‍ ബെന്‍ ഡാര്‍വിനിലൂടെയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. 2020ൽ വി.ആര്‍. സലൂജയിലൂടെ എല്‍.ഡി.എഫ്. ഡിവിഷൻ നിലനിര്‍ത്തി.
ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡാര്‍വിന്‍ രണ്ടാംതവണയാണ് മത്സരിക്കുന്നത്. എല്‍.എല്‍.ബി. ബിരുദധാരിയായ അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. ചെറുവാരക്കോണം ലോ കോളജ് അധ്യാപികയാണ് ഭാര്യ സരിത.
2000-2005 കാലഘട്ടത്തില്‍ പാറശ്ശാല ജില്ല ഡിവിഷനില്‍ നിന്ന് വിജയിച്ച കൊറ്റാമം വിനോദിനെ രംഗത്തിറക്കി ഡിവിഷന്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ധനുവച്ചപുരം കോളജില്‍ വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിയുടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. ഷീജകുമാരിയാണ് ഭാര്യ.
ഡിവിഷനില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് മഞ്ചവിളാകം പ്രദീപ് എന്ന എം. പ്രദീപിനെ എന്‍.ഡി.എ രംഗത്തിറക്കിയത്. ധനുവച്ചപുരം കോളജില്‍ വിദ്യാർഥിയായിരിക്കെ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. നെയ്യാറ്റിന്‍കര ബാറിലെ അഭിഭാഷകനാണ്. നിലവിൽ പാർട്ടിയുടെ ജില്ല ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ അശ്വതി അഭിഭാഷകയാണ്. വിവരാവകാശ പ്രവര്‍ത്തകനായ എന്‍. ദീപുമോനാണ് ആം ആദ്മി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.