പാറശ്ശാല കുഴിഞ്ഞാംവിളയില്‍ 15,000 കിലോ റേഷനരി പിടികൂടിയപ്പോള്‍
പാറശ്ശാല: കുഴിഞ്ഞവിളയില് ഫുഡ് ഗോഡൗണില്‍ നടത്തിയ പരിശോധനയിൽ 15,000 കിലോ റേഷനരി പിടികൂടി. ഇത് കടത്താന്‍ ഉപയോഗിച്ച വ്യാജ നമ്പര്‍ പതിപ്പിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മാടവിളയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എഫ്.കെ.സി ഫുഡ് ഗോഡൗണില്‍ നിന്നാണ് അരി പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നുമായി കടത്തിക്കൊണ്ടുവന്ന അരിയാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗണിലെ തൊഴിലാളികളായ രണ്ടുപേർ പിടിയിലായതായി സൂചനയുണ്ട്. അരി കടത്താന്‍ ഉപയോഗിച്ച കാര്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി. പാറശ്ശാല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 310 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ഇത് മോഷണവാഹനമാണോ എന്നും സംശയിക്കുന്നുണ്ട്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷന്കടകളില്നിന്നുള്പ്പെടെ അരി ഗോഡൗണില്‍ എത്തിച്ചശേഷം ബ്രാന്‍ഡ് പതിപ്പിച്ച് വിപണിയില്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത അരി പൊതുവിതരണവകുപ്പ് വിജിലന്‍സിന് കൈമാറി. ഇൻസ്പെക്ടർ സജി, എസ്.ഐ ദീബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അരി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.