തിരുവനന്തപുരം: ‘ഓപറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി 18.71 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിൽ, പൊലീസ് വീഴ്ചയിൽ രണ്ടാം പ്രതിക്ക് ജാമ്യം. എറണാകുളം കുമ്പളങ്ങി ചിറയിൽ വീട്ടിൽ ആനന്ദകൃഷ്ണനാണ് തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം നിയമപരമായ സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതാണ് ജാമ്യം ലഭിക്കാൻ കാരണമായത്. ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ജൂൺ നാലിന് വൈകീട്ട് 3.15ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിറ്റേദിവസം വൈകീട്ട് 5.15നാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതെന്നും, 24 മണിക്കൂറിനുള്ളിൽ നടപടി ഇല്ലാഞ്ഞത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2) പ്രകാരമുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം. സലാഹുദീൻ കോടതിയെ അറിയിച്ചു. വൈകീട്ട് 6.20നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അതിനാൽ സമയപരിധി ലംഘിച്ചിട്ടില്ലെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. വാദങ്ങൾ പരിശോധിച്ച കോടതി, പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാതിരുന്നത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തത് അറസ്റ്റിനെ അസാധുവാക്കുമെന്ന സുപ്രീം കോടതി വിധികൾ പരിഗണിച്ചാണ് കർശന വ്യവസ്ഥകളോടെ എൻ.ഡി.പി.എസ് കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.