ബഹളം, വാക്കേറ്റം, ആരോപണം; കോർപറേഷൻ കൗൺസിലിൽ കോലാഹലം

തിരുവനന്തപുരം: കോർപറേഷ​െൻറ ആസ്തി വികസനവും റവന്യൂ വരുമാനവും ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിലും ബഹളത്തിൽ കലാശിച്ചു. കാര്യമായ ചർച്ചകളില്ലാതെ വാക്കുതർക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഊന്നൽ നൽകിയപ്പോൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നലെയും കൗൺസിലിൽ കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല. കൗൺസിൽ ആരംഭിച്ചപ്പോൾ കോർപറേഷനിലെ കെട്ടിടനികുതി തട്ടിപ്പ് റവന്യൂ വരുമാനത്തിലുൾപ്പെടുന്ന വിഷയമാണെന്നും അത് ചർച്ച ചെയ്യണമെന്നും ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. സമരത്തിന് പ്രചാരണം നൽകാനുള്ള വിഷയങ്ങൾ കൗൺസിലിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എസ്. സലീം പറഞ്ഞതോടെ വാക്കേറ്റമായി.

ഇതിനിടയിൽ തന്നെ ഗിരികുമാർ അധിക്ഷേപിച്ചെന്ന ആരോപണവുമായി ഡെപ്യൂട്ടി സ്പീക്കർ പി.കെ. രാജു രംഗത്തെത്തി. തുടർന്ന് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. മേയർ ഇടപെട്ട് അംഗങ്ങളെ അനുനയിപ്പിച്ചു. നികുതി നഷ്​ടപ്പെട്ടെന്ന പരാതി നഗരസഭയിൽ ആരും ഇതുവരെ നൽകിയിട്ടില്ലെന്ന് ഡി.ആർ. അനിൽ പറഞ്ഞു. പലരും പരാതി തന്ന കാര്യം ഭരണസമിതി മറച്ചുവെക്കുകയാണെന്ന് എം.ആർ. ഗോപനും ആരോപിച്ചു.നഗരസഭയുടെ റവന്യൂ വരുമാനത്തിനെപറ്റിയും ആസ്തി വികസനത്തെപ്പറ്റിയും കൗൺസിലർമാരുടെ നി‌ർദേശം പരിഗണിച്ച് തുടർ നടപടികൾ നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.

കെട്ടിട നികുതി: പ്രത്യേക അദാലത് ചേരുന്നു

തിരുവനന്തപുരം: കെട്ടിട നികുതി ഒടുക്കിയവരുടെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ്​വെയറിൽ ഒരുമാസത്തിനകം അപ്​ലോഡ്​ ചെയ്യുമെന്നും ഇതിനുശേഷം കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള പരാതികൾ പരിഹരിക്കാൻ അടുത്തമാസം 22 മുതൽ ഒരുമാസത്തോളം നീളുന്ന അദാലത് സോണൽ ഓഫിസ് അടിസ്ഥാനത്തിൽ നടത്തും. കെട്ടിട നികുതി ഒടുക്കുന്നതിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം നടത്തിയ സമരത്തിനൊടുവിലാണ് തീരുമാനം. അവസാനം നികുതി അടച്ച രസീത് ഹാജരാക്കുന്നവരുടെ വിവരങ്ങളാണ് ഇപ്പോൾ സോഫ്റ്റ്​വെയറിൽ അപ്​ലോഡ്​ ചെയ്യുന്നത്. ദിവസ കലക്ഷൻ രജിസ്​റ്റർ, രസീത് ബുക്ക് എന്നിവ പരിശോധിച്ച് എല്ലാ നികുതിദായകരുടെയും വിവരങ്ങൾ അപ്​ലോഡ്​ ചെയ്യുന്നതിന്​ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതിനുശേഷം കുടിശ്ശിക കാണിക്കുന്നവരുടെ ലിസ്​റ്റ്​ വെബ്സൈറ്റിലും വാർഡടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്​ പ്രത്യേക ഫോറം വിതരണം ചെയ്യും.

മതിയായ രേഖകളോടെ അപേക്ഷ തിരികെ സ്വീകരിച്ച ശേഷം 22 മുതൽ നടത്തുന്ന അദാലത്തിൽ പരിഗണിക്കും. ബിൽ കലക്ടർമാർ വഴിയും പ്രത്യേക ക്യാമ്പുകൾ വഴിയും നേരിട്ടും പണമടച്ചവരുടെ വിവരങ്ങൾ ഉൾപ്പെടെ വസ്തുനികുതി സംബന്ധിച്ച എല്ലാ രേഖകളും കോർപറേഷനിലുണ്ട്. അതിനാൽ അവസാനം നികുതി അടച്ച രസീത് കൈവശമില്ലെന്ന പേരിൽ ആർക്കും കൂടുതൽ പണം അടക്കേണ്ടിവരില്ലെന്ന് മേയർ പറഞ്ഞു.


Tags:    
News Summary - Noise, verbal abuse, accusation The uproar in the Corporation Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.