ഉദ്യോഗസ്ഥർ താഴേത്തട്ടിലിറങ്ങണം -മന്ത്രി ജി.ആർ. അനിൽ

നെടുമങ്ങാട്: സർക്കാർ സേവനങ്ങൾ പാവപ്പെട്ടവർക്ക് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ താഴേത്തട്ടിലിറങ്ങണമെന്ന് മന്ത്രി അഡ്വ.ജി.ആർ. അനിൽ. പട്ടയ അപേക്ഷകളിൽ തീർപ്പ് കൽപിച്ച് അഞ്ചു വർഷത്തിനുള്ളിൽ പട്ടയവിതരണം പൂർത്തിയാക്കുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് താലൂക്ക് പട്ടയവിതരണ മേള സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷൻ കാർഡും തിരിച്ചറിയൽ കാർഡും വരെ ഇല്ലാത്തവർ ഇപ്പോഴുമുണ്ട്. ഉദ്യോഗസ്ഥർ താഴേത്തട്ടിൽ ഇറങ്ങി ഇത്തരം ആളുകളെ കണ്ടെത്തി സർക്കാർ സേവനം ഉറപ്പാക്കണം. പട്ടയവുമായി ബന്ധപ്പെട്ട് ഇനിയും അപേക്ഷ ലഭിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. അണ്ടൂർക്കോണം, പോത്തൻകോട് പഞ്ചായത്തുകളിൽനിന്ന് വളരെ കുറച്ച് അപേക്ഷകളേ ഇതേവരെ ലഭിച്ചിട്ടുള്ളൂ. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ അരുവിക്കരയിൽ 48ഉം വാമനപുരത്ത് 49ഉം പട്ടയങ്ങളടക്കം നെടുമങ്ങാട് താലൂക്കിൽ ആകെ 170 പട്ടയങ്ങൾ വിതരണം ചെയ്യാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. 200 പേർക്കെങ്കിലും പട്ടയം അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ജീവനക്കാരെ അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് നഗരസഭ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, ഡിവൈ.എസ്‌.പി സുൾഫിക്കർ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ, ജില്ല-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്‌സൻ സി.എസ്. ശ്രീജ അധ്യക്ഷയും ആർ.ഡി.ഒ അഹമ്മദ് കബീർ കൺവീനറുമായി പട്ടയവിതരണ മേള സംഘാടക സമിതി രൂപവത്കരിച്ചു. ആർ.ഡി.ഒ അഹമ്മദ് കബീർ സ്വാഗതവും തഹസിൽദാർ അനിൽകുമാർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.