പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം പകരുമെന്ന് വിഭാവനം ചെയ്യുന്ന നാവായിക്കുളം-വിഴിഞ്ഞം ഓട്ടർ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ ഉടമകളുടെ സമ്മതം വാങ്ങാതെ. ഭൂമിയെറ്റെടുക്കലിന് കുറഞ്ഞത് 70 ശതമാനം പേരുടെയെങ്കിലും മുൻകൂർ സമ്മതം വാങ്ങണമെന്നതാണ് ചട്ടം. എന്നാൽ, പദ്ധതി നേരിട്ട് ബാധിക്കുന്ന ആരുടെയും സമ്മതം വാങ്ങിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിൽ അധികൃതർ വ്യക്തമാക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ അനുമതി വാങ്ങാതെ 3 എ (പ്രാഥമിക വിജ്ഞാപനം), 3 ഡി വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചതിലും സ്ഥലമെടുപ്പിലും ഗൗരവതരമായ നിയമലംഘനങ്ങളുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഡി.പി.ആർ (പദ്ധതിയുടെ വ്യക്തവും കൃത്യവുമായ അടിസ്ഥാന രൂപരേഖ) പൂർത്തിയായിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ എൻ.എച്ച്.എ.ഐയുടെ റീജനൽ ഓഫിസർ നൽകുന്ന വിവരം. 2023 ജൂണിലും 2025 ജൂണിലും തിരുവനന്തപുരത്തെ പ്രോജക്ട് ഡയറക്ടറിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഡി.പി.ആർ പ്രക്രിയ പുരോഗമിക്കുന്നെന്നാണ്. പ്രക്രിയ എന്ന് പൂർത്തിയാകും എന്ന് പറയാനും അധികൃതർ തയാറാകുന്നില്ല.
നാളിതുവരെ ഡിപി.ആർ പൂർത്തിയായില്ലെങ്കിലും 2023ൽ 11 വില്ലേജുകളിലെ ഭൂമി ഏറ്റെടുത്തുകൊണ്ട് 1956ലെ നാഷനൽ ഹൈവെ ആക്റ്റ് സെക്ഷൻ 3ഡി പ്രകാരമുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. പൂർണമായ ഒരു ഡി.പി.ആർ ഇല്ലാതെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്ലാതെയും 3ഡി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതിലും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. 24 വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും 11 വില്ലേജുകളിലെ 3 ഡി വിജ്ഞാപനം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 13 വില്ലേജുകളിലേത് ഇനിയും ബാക്കിയാണ്.
ഔട്ടർ റിങ് റോഡിനുള്ള സ്ഥലമേറ്റെടുപ്പിന്റെ മുന്നോടിയായി സാമൂഹികാഘാത-പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നുണ്ട്. പഠനം നടത്തി റിപ്പോർട്ട് തയാറാക്കി അന്തിമ അലൈൻമെന്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ, ചടങ്ങിനൊരു പഠനം മാത്രമാണ് നടന്നതെന്നാണ് ആക്ഷേപം. പല സ്ഥലത്തും പഠനം നടത്തിയ സ്ഥലങ്ങളിലല്ല റോഡിനായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അലൈൻമെന്റിൽ ബോധപൂർവം മാറ്റം വരുത്തിയിരിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്.
ന്യായമായ തുക നഷ്ടപരിഹാരമായി നൽകുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കൽ. 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 11 വില്ലേജുകളിലെ വസ്തു ഉടമകളിൽനിന്ന് ആധാരങ്ങൾ ഉൾപ്പെടെ രേഖകളും ഏറ്റുവാങ്ങി. എന്നാൽ, നാളിതുവരെ ഭൂമിയുടെ വില നൽകിയിട്ടില്ല. ഇതോടെ മക്കളുടെ വിവാഹ ആവശ്യത്തിനോ പഠനത്തിനോ ചികിത്സക്കോ ഭൂമി ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുകയാണ് 2500ഓളം കുടുംബങ്ങൾ. ചിലർ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. കമ്പോള വില നിലവിലെ ഫെയർ വാല്യൂവിനെക്കാൾ കുറവാണെങ്കിൽ ഫെയർ വാല്യൂ അടിസ്ഥാന വിലയായി നിശ്ചയിക്കുമെന്നാണ് അറിയിച്ചിരുന്നത്. പല കാരണങ്ങൾ പറഞ്ഞ് അധികൃതർ നഷ്ടപരിഹാരം നീട്ടിക്കൊണ്ടുപോകുകയാണ്.
നാവായികുളത്തുനിന്ന് ആരംഭിച്ച് നഗരത്തിന് വലംവെച്ച് വിഴിഞ്ഞത്തെത്തുന്ന 77 കിലോമീറ്റർ നീളമുള്ള പാതയാണിത്. ദേശീയപാത 866 എന്ന പേരിലാകും റോഡ് നിർമിക്കുക. നാവായിക്കുളം-തേക്കട വരെ ഒന്നാംഘട്ടവും തേക്കട-വിഴിഞ്ഞം രണ്ടാം ഘട്ടവുമായാണ് നിർമാണം. ഔട്ടർ റിങ് റോഡിന് വശത്തായി എൻ.എച്ചിലേക്കുകൂടി കടന്നെത്താൻ കഴിയുന്ന തരത്തിൽ ഒരു വ്യവസായ കോറിഡോറാണ് പദ്ധതിയിടുന്നത്. ആകെ 3215 നിർമിതികളാണ് പൊളിക്കേണ്ടത്. നാവായിക്കുളം-തേക്കട റോഡിന് 1,478.31 കോടിയും തേക്കട-വിഴിഞ്ഞം പാതയ്ക്ക് 1,489.15 കോടിയുമാണ് ചെലവ്. ഇതോടൊപ്പം സർവീസ് റോഡും നിർമിക്കേണ്ടതുണ്ട്. 348.09 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.