യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് റസിഡന്റ്
വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് തുടങ്ങിയവർക്കൊപ്പം
ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരം: യു.കെ സംഘം മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: യു.കെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരമൊരുക്കുന്നതിന്റെ ഭാഗമായി യു.കെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം സെക്രട്ടേറിയറ്റിലാണ് കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജും സംഘവും യു.കെയില്‍ നടത്തിയ ചര്‍ച്ചകളുടെ അനുബന്ധമായാണ് സംഘം കേരളത്തിലെത്തിയത്. ദന്തല്‍ മേഖലയില്‍ കൂടുതല്‍ അവസരമൊരുക്കാന്‍ തടസമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി സംഘത്തോട് അഭ്യർഥിച്ചു. യു.കെയില്‍ ദന്തിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതിന് ജനറല്‍ ദന്തല്‍ കൗണ്‍സില്‍ നടത്തുന്ന ഓവര്‍സീസ് രജിസ്ട്രേഷന് എക്സാം അഥവാ ഒ.ആര്.ഇ വിജയിക്കേണ്ടതുണ്ട്.
ഒ.ആര്.ഇക്ക് കൂടുതല്‍ സ്ലോട്ടുകള്‍ അനുവദിക്കുക, എക്സാം ഫീസ് മെഡിക്കല്‍ മേഖലയിലെ ലൈസന്‍സിങ് എക്സാമായ പ്ലാബിന് സമാനമായി കുറയ്ക്കുക, പാര്‍ട്ട് ഒന്ന് എക്സാമിന്റെ കേന്ദ്രം കേരളത്തില്‍ അനുവദിക്കുക എന്നിവയാണ് സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടത്. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കമ്മിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോ. ഡയറക്ടര്‍ ഡോ. അനിതാ ബാലന്, കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, ഡോ. മാത്യൂസ് നമ്പേലി എന്നിവർ പങ്കെടുത്തു. യു.കെ സംഘം സംസ്ഥാനത്തെ വിവിധ ദന്തല്‍ കോളജുകള്‍, ദന്തല്‍ ക്ലിനിക്കുകള്‍, ലാബുകള്‍ എന്നിവ സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.