ഡോ. മോഹനൻ കുന്നുമ്മൽ
വിവാദങ്ങൾക്ക് മറുപടിയുമായി കേരള വി.സി; ആർ.എസ്.എസ് വേദിയിലെ പങ്കാളിത്തം മുതൽ കാമ്പസ് രാഷ്ട്രീയം വരെയുള്ള വിവാദങ്ങളിലാണ് വിശദീകരണം
തിരുവനന്തപുരം: ആർ.എസ്.എസ് വേദികളിലെ പങ്കാളിത്തവും വിദ്യാർഥി രാഷ്ട്രീയ നിരോധനവും മുൻ സർക്കാറുമായുള്ള ഏറ്റുമുട്ടലുമടക്കം വിവാദങ്ങളിൽ വിശദീകരണവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഓണററി ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് നിലപാട് വിശദീകരിച്ചത്. ആര് ക്ഷണിച്ചാലും പരിപാടികളിൽ പങ്കെടുക്കുമെന്നും, സംഘടിപ്പിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നും ആർ.എസ്.എസ് വേദികളിലെ പങ്കാളിത്തത്തെക്കുറിച്ച ചോദ്യത്തിന് മറുപടിയായി മോഹനൻ വ്യക്തമാക്കി. ചില സ്ഥലങ്ങളിലെ പങ്കാളിത്തം വിവാദമാക്കുന്നത് അവരവരുടെ ഇഷ്ടമാണ്.
കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മാത്രമാണുള്ളത്. രാഷ്ട്രീയ പ്രവർത്തനം നിരോധിക്കാൻ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. ഒരു സർവകലാശാലക്ക് മാത്രമായി അങ്ങനെ തീരുമാനിക്കാനുമാവില്ല. ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാകണം. എല്ലാം കോടതിയുടെ നിരീക്ഷണത്തിലാണ്. കാമ്പസിൽ സംഘർഷമുണ്ടാവരുത്. പഠനം നടക്കണം. പഠനത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതെല്ലാം തടയണം. രാഷ്ട്രീയ പ്രവർത്തനം വിദ്യാഭ്യാസത്തിന് ഗുണകരമാകണമെങ്കിൽ തടയേണ്ടതില്ല.
ഇക്കാര്യത്തിൽ ഹൈകോടതി ഉത്തരവുണ്ട്. എം.ജി സർവകലാശാല ഇത്തരത്തിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനം സംബന്ധിച്ച് ഒരു രേഖ തയാറാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ച് മറ്റു സർവകലാശാലകളും തയ്യാറാക്കണമെന്നാണ് കോടതി നിർദേശം. ഇതാണ് കേരളയിലും ചർച്ച നടക്കാനുള്ള സാഹചര്യം.ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് തന്റെ നിലപാട്. അഭിപ്രായം പറയാനും കേൾക്കാനുമുള്ള സാഹചര്യമുണ്ടാകണം.
‘എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്റെ അടുത്ത് വരെ മാത്രമേയുള്ളൂ’. മൂക്കിൽ തൊടാൻ പാടില്ല. പരസ്പരം അടിച്ചേൽപ്പിക്കാനും കഴിയില്ല. കഴിഞ്ഞ സർക്കാരുമായി താൻ സംഘർഷത്തിലായിരുന്നില്ല. മുൻ മന്ത്രി ആർ. ബിന്ദുവുമായി വലിയ സൗഹൃദത്തിലായിരുന്നു. കാലാവധി നവംബറിൽ കഴിയുകയാണെങ്കിലും നീട്ടുന്ന കാര്യമൊന്നും ഗവർണറെ കണ്ടപ്പോൾ സംസാരിച്ചിട്ടില്ല. താൻ ആരോഗ്യ സർവകലാശാല വി.സിയാണ്. കേരളയിൽ യാദൃച്ഛികമായി എത്തപ്പെട്ടതാണ്. തന്റെ ഡിഗ്രി ഒപ്പിട്ട സർവകലാശാലയുടെ കസേരയിൽ ഒരു ദിവസമെങ്കിലും ഇരിക്കണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.
എൽ.എൽ.ബി വിദ്യാർഥികൾ സമരം ചെയ്തപ്പോഴാണ് പരീക്ഷ നടത്തിപ്പിലെയടക്കം പോരായ്മകൾ മനസിലായത്. മൂല്യനിർണയത്തിൽ നിരവധി അപാകതകളുണ്ട്. മൂല്യനിർണയത്തിൽ വിജയശതമാനം കുറയുകയും പുനഃമൂല്യനിർണയത്തിൽ ഒരുപാട് കുട്ടികൾ ജയിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യമാണുള്ളത്. ഇത് പരിശോധിക്കും. ഒരു കോളജിൽ ചെന്നപ്പോൾ പരീക്ഷ നടത്തിപ്പിന് ചുമതലപ്പെട്ട ഇൻവിജിലേറ്റർ കുട്ടികൾക്ക് കോപ്പിയടിക്കാനുള്ള തുണ്ട് കൈമാറുന്നതാണ് കണ്ടത്. സ്ക്വാഡ് വരുന്നത് അറിഞ്ഞതോടെ എല്ലാവരിൽനിന്നും ഉടൻ ഇൻവിജിലേറ്റർ തിരിച്ചുവാങ്ങുന്നത് കൈയോടെ പിടികൂടിയെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.