മെഡിക്കൽ കോളജിലെ വാർഡുകൾ നന്നാക്കണം; മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചില വാർഡുകളിൽ മഴ പെയ്ത് വെള്ളം ഊർന്നിറങ്ങുകയാണെന്ന പരാതി ആരോഗ്യ-പൊതുമരാമത്ത് വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറും സംയുക്ത പരിശോധനയിൽ പങ്കെടുക്കണമെന്ന് കമീഷൻ ഡി.എം.ഇക്കും പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം ചീഫ് എൻജിനീയർക്കും നിർദ്ദേശം നൽകി.
പരിശോധനക്ക് മുമ്പ് ആശുപത്രി സൂപ്രണ്ടിനും കോളജ് പ്രിൻസിപ്പലിനും നോട്ടീസ് നൽകണം. പരിശോധനാ റിപ്പോർട്ട് ഡി.എം.ഇക്കും ചീഫ് എൻജിനീയർക്കും സമർപ്പിക്കണം. തുടർന്ന് അറ്റകുറ്റപണികൾ നടത്താനുള്ള നടപടി ചീഫ് എൻജിനീയറും ഡി.എം.ഇ യും സ്വീകരിക്കണം. തുടർന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
റിപ്പോർട്ട് ലഭിച്ചാലുടൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രണ്ടാഴ്ചക്കുള്ളിൽ അടിയന്തര അറ്റകുറ്റപണികൾ നടത്താൻ നിർദേശം നൽകണം. പരിശോധനാ റിപ്പോർട്ട് സഹിതം ചീഫ് എൻജിനീയറും ഡി.എം.ഇയും നാലാഴ്ചക്കകം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രിൻസിപ്പൽ സെക്രട്ടറിയും (ആരോഗ്യം) ആശുപത്രി സൂപ്രണ്ടും അഞ്ച് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി ഡി.എം.ഇ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ എന്നിവർ നവംബർ 2 ന് രാവിലെ 10 ന് പി.എം.ജി ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.