തിരുവനന്തപുരം: ഷെയർ ട്രേഡിങ്ങിലൂടെ ലാഭംവാഗ്ദാനം ചെയ്ത് 54കാരനിൽ 12 ലക്ഷം തട്ടി. ആനയറ സ്വദേശിക്കാണ് വാട്സ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ പണം നഷ്ടമായത്. ലക്ഷങ്ങൾ നഷ്ടമായതോടെ ഇയാൾ പരാതിയുമായി സൈബർ ക്രൈം പൊലീസിനെ സമീപിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് പരാതിക്കാന്റെ മൊബൈൽ ഫോണിലേക്ക് അംഗീകൃത ഷെയർ ട്രേഡിങ് ഏജൻസിയുടെ പേരിൽ വ്യാജസന്ദേശങ്ങളെത്തിയത്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് നടത്തി മികച്ച ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം.
ആദ്യം സന്ദേശങ്ങളോട് പ്രതികരിച്ചില്ലെങ്കിലും തട്ടിപ്പുകാർ ഇദ്ദേഹത്തിന്റെ ഫോണിൽ നേരിട്ട് ബന്ധപ്പെട്ടു. ലാഭം നേടിയവരുടെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാക്കാമെന്നും താൽപര്യമുണ്ടെങ്കിൽ ഷെയർ വാങ്ങിയാൽ മതിയെന്നും തട്ടിപ്പുകാർ അറിയിച്ചു. ഇതനുസരിച്ച് തട്ടിപ്പുകാർ ഇദ്ദേഹത്തെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്തു.
ഗ്രൂപ്പിൽ ചേർന്നതോടെ നിരവധി അംഗങ്ങളുള്ള ഗ്രൂപ്പിലെ പലരും തങ്ങൾക്ക് ലഭിച്ച കോടികളുടെ ലാഭത്തെക്കുറിച്ച് ഇദ്ദേഹവുമായി വിവരംപങ്കുവെച്ചു. തുടർന്ന് ഇവരുടെ വാക്ക് വിശ്വസിച്ച് ആദ്യം കുറച്ച് പണം തട്ടിപ്പുകാർ നൽകിയ ആപ്പ് വഴി നിക്ഷേപിച്ചു. തൊട്ടടുത്ത ദിവസം പണം ഇരട്ടിയായതായി സന്ദേശം ലഭിച്ചു. ഇതോടെ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ഏഴ് അക്കൗണ്ടുകളിൽ ഇത്തരത്തിൽ പണം നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. ആപ്പിൽ തുക നാലിരട്ടിയായെന്ന് കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.