പിതാവിനെ അടിച്ചുകൊന്ന മകന് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: പിതാവിനെ സ്റ്റീൽ പൈപ്പുകൊണ്ട് തലയ്ക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. വെള്ളനാട് കുളക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ സജീവിനെയാണ് (38) തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം. കൊച്ചപ്പിയുടെ മകൻ സദാശിവനാണ് (67) കൊല്ലപ്പെട്ടത്. പ്രതി ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്, രണ്ട് കുട്ടികളുള്ള മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് വീട്ടിൽ താമസിപ്പിച്ചത് സദാശിവൻ ചോദ്യംചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്. 2019 ഫെബ്രുവരിയിലാണ് സംഭവം നടന്നത്.

അതിനിടെ കിണർ നിർമാണത്തിനായി എടുത്ത കുഴിയിൽ വീണാണ് പരിക്കേറ്റതെന്ന് വരുത്തിത്തീർക്കാൻ പ്രതിയും രണ്ടാം ഭാര്യയും ചേർന്ന് ശ്രമം നടത്തിയിരുന്നു. ഇതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി തോട്ടിലെ വെള്ളമെടുത്ത് സദാശിവന്‍റെ തലയിലൂടെ ഒഴിക്കുകയും ചെയ്തു.

സംഭവം നേരിൽക്കണ്ട പ്രതിയുടെ രണ്ടാം ഭാര്യ, മാതാവ്, അയൽവാസി എന്നിവരുൾപ്പെടെയുള്ള പ്രധാന സാക്ഷികൾ വിചാരണവേളയിൽ കൂറുമാറി. എന്നാൽ സംഭവസമയത്ത് പ്രായപൂർത്തിയാകാത്ത മകൾ നൽകിയ മൊഴിയും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന ശാസ്ത്രീയ-വൈദ്യശാസ്ത്ര തെളിവുകളുമാണ് കേസിൽ നിർണായകമായത്.

Tags:    
News Summary - life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.