ലോ കോളജ്​ സംഘർഷം: ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ലോ കോളജില്‍ കെ.എസ്​.യു വനിതാ യൂനിറ്റ് പ്രസിഡന്‍റ്​ സഫ്‌നയെ മര്‍ദിക്കുകയും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ വീടുകയറി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി കൊല്ലം ശൂരനാട് പടിഞ്ഞാട്ടുമുറി കല്ലാട്ടുമൂലയില്‍ ഗോകുല്‍ രവി (23) യെ ആണ്​​ പൊലീസ് സാഹസികമായി പിടികൂടിയത്​. അക്രമത്തിന് ശേഷം ഇയാള്‍ കോളജിൽ എത്തിയിരുന്നില്ല. ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷ എഴുതാനായി കോളജിലെത്തി.പരീക്ഷാ ഹാളിലേക്ക് കയറിയത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പൊലീസിന് വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് കോളജിന് പുറത്ത് ജീപ്പുമായി കാത്തുനിന്നു. വൈകിട്ട് 4.30 ഓടെ ലോകോളജില്‍ നിന്നും മറ്റൊരാളുടെ ഇരുചക്രവാഹനത്തില്‍ പുറത്തേക്ക് എത്തിയ ഗോകുലിനെ വളഞ്ഞിട്ടാണ് പൊലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി.

മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തിലുള്ള പത്തോളം പൊലീസ് സംഘമാണ് പിടികൂടിയത്. ജീപ്പില്‍ കയറ്റുന്നതിനിടെ മറ്റുചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് വിരട്ടി ഓടിച്ചു. കേസിലെ നാലാം പ്രതിയാണ് പിടിയിലായ ഗോകുല്‍ എന്ന്​ പൊലീസ് പറഞ്ഞു. രാത്രിയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ലോ കോളജില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കോളജ് യൂനിയന്‍ ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്‌.ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

Tags:    
News Summary - Law college clash: Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.