തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ജീവനക്കാരിൽനിന്ന് കരുതൽ ധനമായി സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസുകൾ 26 മുതൽ നിരത്തിലേക്ക്. ഒരേ ബസിൽതന്നെ ഇരുന്ന് യാത്ര ചെയ്യാനും കിടന്ന് യാത്രചെയ്യാനും സൗകര്യമുണ്ടെന്നതാണ് (സീറ്റർ കം സ്ലീപ്പർ) ഹൈബ്രിഡ് ബസിന്റെ പ്രത്യേകത. ഇത്തരത്തിൽ രണ്ട് ബസുകളാണ് നിരത്തിലേക്കെത്തുന്നത്. ഒന്ന് എ.സിയും മറ്റൊന്ന് നോൺ എ.സിയും.
നിലവിലെ സിഫ്റ്റ് ബസുകളിൽനിന്ന് വിഭന്നമായി പുതിയ രീതിയാണ് ഹൈബ്രിഡ് ബസിന്റെ രൂപകൽപന. 27 സീറ്ററുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിലുള്ളത്. എല്ലാ സീറ്റിലും ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൽ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെ സൗകര്യങ്ങളുണ്ട്. 12 മീറ്ററാണ് ബസിന്റെ നീളം.
സുരക്ഷക്ക് രണ്ട് എമർജൻസി വാതിലുകളുണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ കാബിനിൽതന്നെ സൗകര്യമുണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിങ് സംവിധാനവും ഐ- അലർട്ടും ഒരുക്കിയിട്ടുണ്ട്. നാല് വശത്തും എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകളും. കെ.എസ്.ആർ.ടി.സിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. യാത്രക്കാരിൽനിന്നുള്ള പ്രതികരണം അനുസരിച്ച് ഇതേ രൂപകൽപനയിൽ കൂടുതൽ ബസുകളിറക്കാനാണ് ആലോചന. സ്വിഫ്റ്റ് ബസിൽ ജീവനക്കാരെ നിയോഗിക്കുമ്പോൾ നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങാറുണ്ട്. ഈ തുകയാണ് ഹൈബ്രിഡ് ബസ് വാങ്ങാനായി വിനിയോഗിച്ചത്.
കരുതൽ ധനം ബാങ്കിൽ ഇടുന്നതിന് പകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്കുകൂടെ പങ്കുവെക്കാനാണ് മാനേജ്മെന്റ് ശ്രമം.
തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ ആദ്യ 60 എണ്ണം ഈ മാസം 26ന് നിരത്തുകളിലേക്ക്. നഗരപരിധിയിൽ പൂർണമായും ഇ-ബസുകൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഹരിത ബസുകളെത്തുന്നത്. ശേഷിക്കുന്ന ബസുകൾ സെപ്റ്റംബർ അവസാനത്തോടെയെത്തും. നിലവിൽ സ്വിഫ്റ്റിന് കീഴിൽ 50 ഇ-ബസുകൾ ഓടുന്നുണ്ട്. ഇതെല്ലാം ചേരുമ്പോൾ തലസ്ഥാന നഗരിയിലെ ഇലക്ട്രിക് ബസുകളുടെ എണ്ണം 163 ആകുമെന്ന് മന്ത്രിമാരായ ആന്റണി രാജുവും എം.ബി. രാജേഷും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പുതുതായി കിട്ടിയ ബസുകൾ സ്വിഫ്റ്റിനായിരിക്കുമെങ്കിലും സിറ്റി, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, കണിയാപുരമടക്കം ഡിപ്പോകൾക്ക് വീതിച്ച് നൽകും. ഇവിടങ്ങളിൽനിന്ന് സിറ്റിയിലേക്കുള്ള ഡീസൽ ബസുകൾ മറ്റ് റൂട്ടുകളിലേക്കയക്കും. നഗരത്തിലേക്ക് ഇ-ബസുകൾ മാത്രമായി പരിമിതപ്പെടുത്തലാണ് തീരുമാനം.
നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ ബസുകളാണ് വാങ്ങുന്നത്. ട്രെയിനുകളുടെ മാതൃകയിൽ ബസുകളുടെ സ്ഥിതിവിവരം തത്സമയം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ആപും തയാറാക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ തലസ്ഥാനത്തെ ഇലക്ട്രിക് ബസുകളും ഏതാനും ദീർഘദൂര ബസുകളും ആപിൽ ഉൾപ്പെടുത്തും. ബസുകൾ സംബന്ധിച്ച് സമഗ്രവിവരങ്ങൾ ആപ് വഴി ലഭിക്കും. 500 ബസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള സൗകര്യമാണ് നിലവിൽ ആപിലുള്ളത്. ഇത് വിപുലപ്പെടുത്തുന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളുമടക്കം സംവിധാനത്തിന്റെ ഭാഗമാകും. ബസുകളുടെ തത്സമയ ട്രാക്കിങ്ങിന് പുറമെ ക്രൂ മാനേജ്മെന്റ്, അമിതവേഗം ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. ബസ് വിവരത്തിന് പുറമെ അടുത്ത ബസ് സ്റ്റോപ്പുകളും ആപിലൂടെ അറിയാം.
26 ന് വൈകീട്ട് 3.30ന് ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടങ്ങുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ബസുകളുടെ ഫ്ലാഗ് ഓഫ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.