കരാട്ടെയുടെ ആദ്യമുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായാ കൊഹാമ

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികള്‍ കാന്‍ചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ബ്ലാക്ക് ബെല്‍റ്റ് നേടിയ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ഡി.എ.സിയിലെ രാഹുല്‍രാജുമായി ചേര്‍ന്ന് കാന്‍ചോ നടത്തിയ സ്വയരക്ഷാ മുറകള്‍ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളിലെ ആത്മവിശ്വാസവും ധൈര്യവും ഏറെ പ്രചോദനമായിരുന്നു എന്ന് കാന്‍ചോ അഭിപ്രായപ്പെട്ടു. ആത്മവിശ്വാസവും ശാരീരികസാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പ്രത്യേക പരിശീലന സെഷനില്‍ കുട്ടികള്‍ ആവേശപൂര്‍വമാണ് പങ്കെടുത്തത്. കാന്‍ചോ കുട്ടികള്‍ക്ക് കരാട്ടെയുടെ അടിസ്ഥാന മുറകളായ 'കതാ', 'കിഹോണ്‍', 'കുമിതേ' തുടങ്ങിയ ചുവടുകള്‍ പരിചയപ്പെടുത്തി.

ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് വ്യക്തിഗതമായി മാര്‍ഗ നിര്‍ദ്ദേശം നല്‍കി പരിശീലിപ്പിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കുട്ടികളുടെ കലാ-കായിക പ്രതിഭയെ വളര്‍ത്തുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര സഹകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. കാന്‍ചോയെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും മുതുകാട് ആദരിച്ചു. ചടങ്ങില്‍ ഫ്യൂജി ഗംഗ ജപ്പാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോജോ അഗസ്റ്റിന്‍, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - karatte training for differently abled children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.