കൊച്ചി: വെള്ളായണി കായലിന്റെ അതിർത്തി നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി. ഇതിനുശേഷം പരിസരത്തെ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ നിയമപരമായി തീർപ്പാക്കാനും ജസ്റ്റിസ് വി.എം. ശ്യാംകുമാർ ഉത്തരവിട്ടു. കായൽപരിസരത്തെ കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷകൾ അനുവദിക്കാനുള്ള തദ്ദേശസ്ഥാപന ട്രൈബ്യൂണൽ ഉത്തരവിനെതിരെ കല്ലിയൂർ പഞ്ചായത്ത് നൽകിയ ഹരജി തീർപ്പാക്കിയാണ് കേരള വെറ്റ്ലാൻഡ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയത്.
അതിർത്തി നിർണയിച്ചശേഷം വെറ്റ്ലാൻഡ് അതോറിറ്റി വിവരങ്ങൾ ഉടൻ പഞ്ചായത്തിന് കൈമാറണം. തുടർന്ന് ഒരുമാസത്തിനകം സുപ്രീംകോടതിയുടെ മാർഗരേഖകൂടി കണക്കിലെടുത്ത് നിർമാണ അപേക്ഷകളിൽ പഞ്ചായത്ത് നിയമപരമായ തീരുമാനമെടുക്കണം. അപേക്ഷകൾ പരിഗണിക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവ് കോടതി മരവിപ്പിക്കുകയും ചെയ്തു.
കെട്ടിട നിർമാണത്തിനും മതിൽനിർമാണത്തിനും അനുമതിതേടി പ്രദേശവാസികൾ നൽകിയ അപേക്ഷകൾ കായലിന് 50 മീ. ചുറ്റളവിൽ ബഫർസോൺ ആണെന്ന് വിലയിരുത്തി പഞ്ചായത്ത് തള്ളിയിരുന്നു. ഇതിനെതിരെ അപേക്ഷകർ നൽകിയ ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവുണ്ടായത്. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു പഞ്ചായത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.