ഒ​ഴു​ക്ക്​ നി​ല​ച്ച ക​രി​യി​ൽ തോ​ട്. ഗ്രീ​ൻ​ഗാ​ർ​ഡ​ൻ ഭാ​ഗ​ത്ത്​ നി​ന്നു​ള്ള കാ​ഴ്ച

ഒഴുക്ക് നിലച്ച് കരിയിൽ തോട്; വെള്ളപ്പൊക്ക ഭീഷണിയിൽ ഗ്രീൻഗാർഡൻ

അമ്പലത്തറ: ഒഴുക്ക് നിലച്ച്, പായൽ മൂടിയ കരിയിൽ തോട് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. കമലേശ്വരം-കല്ലാട്ടുമുക്ക് പ്രധാന റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി നിർമിക്കുന്ന ഓട പരവൻകുന്നിൽ കരിയിൽ തോടിലാണ് അവസാനിക്കുന്നത്. വർഷങ്ങളായി സ്വാഭാവിക ഒഴുക്ക് നിലച്ചുകിടക്കുന്ന തോട്ടിലേക്ക് വലിയ തോതിൽ മഴവെള്ളം ഒലിച്ചെത്തുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയിലാണ് ഗ്രീൻഗാർഡൻ, നിലമ പ്രദേശവാസികൾ. വെള്ളക്കെട്ട് പതിവായ ഈ പ്രദേശത്ത് കഴിഞ്ഞ മഴയിൽ അസാധാരണമായി വെള്ളം പൊങ്ങിയിരുന്നു. പ്രധാനപാതയിലെ ഓട പണി അവസാനിക്കുമ്പോൾ വെള്ളപ്പൊക്കം കടുക്കുമെന്നാണ് ഭയം.

കല്ലടിമുഖത്ത് നിന്നാരംഭിക്കുന്ന ഓട പരവൻകുന്നിലെ കരിയിൽ തോട്ടിലാണ് ഒഴുകിയെത്തുന്നത്. കല്ലടി മുഖത്ത് നിന്നും, കൊഞ്ചിറവിള ഭാഗത്ത് നിന്നുമുള്ള മഴവെള്ളവും, മാലിന്യങ്ങളും ഒഴുകി എത്തുന്നതും ഈ ഓടയിലൂടെയാണ്.

എന്നാൽ കാലാകാലങ്ങളിൽ കരിയിലത്തോട് നവീകരിക്കാത്തതും, അനധികൃത കൈയേറ്റവും കാരണം ഒഴുക്ക് നിലച്ച് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. മഴക്കാലത്ത് ഇങ്ങനെ ഗ്രീൻഗാർഡൻ, നിലമ പ്രദേശത്ത് വീടുകളിലും വെള്ളം കയറാറുണ്ട്. മഴക്കാലം കഴിഞ്ഞാലും മാസങ്ങളോളം എടുത്താണ് ചതുപ്പ് നിലത്തുനിന്ന് വെള്ളം പിൻമാറുന്നത്. നിരവധി തവണ അധികാരികളുടെ മുന്നിൽ ഈ വിഷയം ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെയും പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ഈ ആശങ്കക്കിടയിലേക്കാണ് കമലേശ്വരത്തെ വെള്ളക്കെട്ട് പരിഹരിക്കാനായി എട്ടുകോടി രൂപ മുടക്കി ഓട നിർമിച്ച് പരവൻകുന്ന് കരിയിൽ തോടിലേക്ക് കൊണ്ടുവിടുന്നത്. ഒഴുക്ക് നിലച്ച തോടിൽ അമ്പലത്തറ നിന്നുള്ള മഴവെള്ളവും എത്തുന്നുണ്ട്. ഫലത്തിൽ പദ്ധതി പൂർത്തീകരിക്കുമ്പോൾ ഗ്രീൻ ഗാർഡൻ, നിലമ പ്രദേശം പൂർണമായി വെള്ളത്തിൽ മുങ്ങുമോ എന്ന ആശങ്കയാണ് കനക്കുന്നത്. 

Tags:    
News Summary - Greengarden under flood threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.