ഇരവിപുരം: പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് മീറ്റർ കമ്പനിയിൽ (യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. വ്യാജ നിയമന ഉത്തരവ് തയാറാക്കിയായിരുന്നു തട്ടിപ്പ്. ഇരയായവർ നിയമന ഉത്തരവുമായി മീറ്റർ കമ്പനിയിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്. കമ്പനിയുടെ എംബ്ലം െവച്ച വ്യാജ ലെറ്റർപാഡിലാണ് നിയമന ഉത്തരവ് തയാറാക്കിയിരുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആറുപേരാണ് കമ്പനിയിൽ വ്യാജ ഉത്തരവുമായെത്തിയത്. അപ്പോഴാണ് കമ്പനിയുടെ പേരിൽ കബളിപ്പിക്കൽ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയുന്നത്. ഹരിപ്പാട്, ആലപ്പുഴ സ്വദേശികളാണ് തട്ടിപ്പിനിരയായത്.
ഓഫിസ് അഡ്മിനിസ്ട്രേഷൻ, പ്യൂൺ ജോലികൾക്കായാണ് വ്യാജ നിയമന ഉത്തരവുകൾ നൽകിയിരുന്നത്. ബുധനാഴ്ച കമ്പനി അധികൃതർ നൽകിയ പരാതിയിൽ രണ്ടുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. 18ന് നിയമന ഉത്തരവുമായി വന്ന നാലുപേരും പരാതി നൽകി. പൊലീസിൽ പരാതി നൽകുമെന്ന് വ്യാഴാഴ്ച എത്തിയ ഉദ്യോഗാർഥികളും പറഞ്ഞു. തട്ടിപ്പിനിരയായവർ ഹരിപ്പാട്, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.
ആലപ്പുഴ കൈചൂണ്ടി സ്വദേശിയായ യുവതിക്ക് ഓഫിസ് ജോലിക്കായി രണ്ടര ലക്ഷവും ആലപ്പുഴ മുഹമ്മ സ്വദേശിക്ക് പ്യൂൺ ജോലിക്കായി രണ്ടര ലക്ഷം രൂപയുമാണ് ഹരിപ്പാട് സ്വദേശി ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുവിൽ നിന്ന് 30,000 രൂപയും മുഹമ്മ സ്വദേശിയിൽ നിന്ന് 25,000 രൂപയും ഹരിപ്പാട് സ്വദേശി കൈപ്പറ്റി. പല തവണ ഇവർക്ക് നിയമന ഉത്തരവും നൽകിയിരുന്നു. പല കാരണം പറഞ്ഞ് ജോലിക്ക് പ്രവേശിക്കാനുള്ള തീയതി മാറ്റുകയായിരുന്നു പതിവ്. തട്ടിപ്പ് നടത്തിയ ആളുടെ സുഹൃത്ത് വഴിയാണ് ഇയാളുമായി ഇവർ ബന്ധപ്പെട്ടിരുന്നത്. ഇയാളും വ്യാഴാഴ്ച മീറ്റർ കമ്പനിയിൽ എത്തിയിരുന്നു.
തട്ടിപ്പ് ശ്രദ്ധയിൽപെട്ടയുടൻ സിറ്റി പൊലീസ് കമീഷണർക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെന്ന് കമ്പനി എം.ഡി എസ്.ആർ. വിനയകുമാർ പറഞ്ഞു. കായംകുളം എൻ.ടി.പി.സിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാൾ സ്വയം പരിചയപ്പെടുത്തിയതെന്നും എൻ.ടി.പി.സിയിൽ ജോലി നൽകാമെന്ന പേരിൽ തങ്ങളുടെ പരിചയക്കാരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.