പ്രതീകാത്മക ചിത്രം
കഠിനംകുളം: കഠിനംകുളത്ത് വനിത സ്ഥാനാർഥി ഉൾപ്പെടെഅഞ്ചു പേർക്ക് ലഹരിസംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു.വീടിനു മുന്നിൽ ബഹളംവെച്ചത് ചോദ്യം ചെയ്തതിനാണ് ലഹരി മാഫിയ സംഘത്തിന്‍റെ അക്രമം നടന്നത്. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവ് ഫിക്സ് വെൽ, ഭർതൃ സഹോദരൻ മാക്സ് വെൽ, ബന്ധുക്കളായ സനോജ്,
അനീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം തെറിവിളിയും ബഹളവും നടത്തുന്നത് കണ്ടത്. ഇത് ചോദ്യംചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ് വെലിനാണ് അക്രമികൾ ആദ്യം മർദ്ദിച്ചത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റു .തറയിൽ വീണ ഇവരുടെ കാലിൽ തടികൊണ്ട് അടിച്ചു.ഇവർ ഉടൻതന്നെ കഠിനംകുളം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്താൻ വൈകിയതോടെ എയ്ഞ്ചൽ ഭർത്താവിന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചു.
ബന്ധുക്കളെത്തിയപ്പോഴേക്കും കൂടുതൽ അക്രമികൾ അവരെയും ആക്രമിക്കുകയായിരുന്നു. വികലാംഗനായ മാക്സ് വെല്ലിന് കമ്പി കൊണ്ടുള്ള അടിയിൽ കാലിൽ പൊട്ടലുണ്ട്. ബൈക്കിൽ വന്ന ബന്ധുവിനെയും ഭാര്യയെയും ഇവർ ചവിട്ടി തള്ളിയിടുകയായിരുന്നു. മറ്റൊരു ബന്ധുവായ അനീഷിന് മുഖത്തും തലയിലും കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. കഠിനംകുളം പൊലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. എന്നാൽ പൊലീസ് മടങ്ങിയ ശേഷം 20ലധികംവരുന്ന സംഘം എത്തി വീണ്ടും ഇവരെ ആക്രമിക്കുച്ചു.വീട്ടിനുള്ളിൽ കയറിയും ആക്രമണം നടന്നു. പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും അടിച്ചു തകർത്തു.
പത്തിലധികം പേരെ പ്രതിയാക്കി കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവർ മെഡിക്കൽ കോളജിലും പുത്തൻതോപ്പ് സർക്കാർ ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.