കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു
ആര്യനാട്: ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ജനസൗഹൃദമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വാർഡ് തലത്തിൽ പഞ്ചായത്ത് സേവനങ്ങൾ ലഭ്യമാക്കുന്ന ഗ്രാമഭവനുകൾക്ക് തുടക്കമിട്ട ആര്യനാട് പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
ജി. സ്റ്റീഫൻ.എം.എൽ.എ അധ്യക്ഷതവഹിച്ചു. വാർഡ് വികസനരേഖയുടെ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെകട്ടറി ശാരദാ മുരളീധരനും പൗരാവകാശരേഖയുടെ പ്രകാശനം ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു പി. അലക്സും, മീഡിയ സെന്ററിന്റെ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറും ഗ്രാമ സഹായികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമണും നിർവഹിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. പ്രശാന്ത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഇന്ദുലേഖ (വെള്ളനാട്) വി. അമ്പിളി (നെടുമങ്ങാട്), കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി എൻ.എസ്. നവനീത് കുമാർ, ജില്ല പഞ്ചായത്തംഗം എ. മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സനൽകുമാർ (പൂവച്ചൽ), ജി. മണികണ്ഠൻ (കുറ്റിച്ചൽ), ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, സെക്രട്ടറി ജി. മേബിൾ ഷീല, ഉഴമലയ്ക്കൽ വേണുഗോപാൽ, എൻ. ഷൗക്കത്തലി, എൻ. ജയമോഹൻ, മീനാങ്കൽ കുമാർ, ഈഞ്ചപ്പുരി സന്തു, പുളിമൂട് സുനിൽ, കെ. സുനിൽ കുമാർ, ആര്യനാട് മണിക്കുട്ടൻ, ഇറവൂർ ഷാജീവ്, യു. ഷിബുലാൽ, ആർ.എസ്. ഹരി, ജെ.ആർ. സുനിതകുമാരി തുടങ്ങിയവർ സംസാരിച്ചു. ‘ഗ്രാമഭവൻ നാൾവഴികൾ' കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി. മദൻ മോഹൻ അവതരിപ്പിച്ചു.
അജൈവമാലിന്യമുക്ത അരുവിക്കര എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഗ്രീൻ അരുവിക്കര ശുചിത്വ കാമ്പയിന്റെ സമാപനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഹരിതകർമസേന അംഗങ്ങളെ മന്ത്രി ആദരിച്ചു. മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലെയും ഹരിത കർമ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെയും ശുചിത്വമിഷന്റെയും ഉപഹാരങ്ങൾ വിതരണം ചെയ്തു. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ മറ്റു ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗ്രാമഭവനുകൾക്ക് തുടങ്ങിയത്. ആര്യനാട് പഞ്ചായത്തിന്റെ 18 വാർഡുകളിലും ഗ്രാമഭവനുകളിലൂടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. പരിശീലനം നേടിയ ഗ്രാമസഹായികൾ ഇതിനായി പ്രവർത്തിക്കും.
വാർഡിലെ ജനപ്രതിനിധികളുടെ ഓഫിസായും അഗ്രോ ക്ലിനിക്കുകൾ, ആരോഗ്യ സബ് സെന്ററുകൾ, അംഗൻവാടി എന്നീ സ്ഥാപനങ്ങളുടെയും ഗ്രാമപഠന കേന്ദ്രം, വിജ്ഞാന കേന്ദ്രം, വാതിൽപ്പടി സേവനം, കോർണർ പി.ടി.എ, കുടുംബശ്രീ എ.ഡി.എസ്, വാർഡ് ആസൂത്രണ സമിതി, ജാഗ്രതാ സമിതി, ഗ്രാമസഭ, ഹരിതകർമ സേന, ആരോഗ്യസേന, സാനിറ്റേഷൻ കമ്മിറ്റി, സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനാ സംവിധാനങ്ങളുടെ ഏകോപന കേന്ദ്രമായും ഗ്രാമഭവനുകൾ പ്രവർത്തിക്കും. ഇതര വകുപ്പിലെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി വാർഡ്തല സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററും ഗ്രാമഭവനിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.