പിതാവിനെയും മകനെയും ആക്രമിച്ച തകരപ്പറമ്പ് കുട്ടനെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ
നഗരമധ്യത്തിൽ പിതാവിനും വിദ്യാർഥിക്കും ഗുണ്ടകളുടെ ക്രൂരമർദനം; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വാഹനംകടന്നുപോകാൻ കഴിയാത്ത രീതിയിൽ കാർ പാർക്ക് ചെയ്തതിനാൽ ഹോൺ അടിച്ചതിന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും പ്ലസ്വൺ വിദ്യാർഥിയായ മകനും നടുറോഡിൽ ഗുണ്ടകളുടെ ക്രൂരമർദനം. വിദ്യാർഥിയെ നടുറോഡിലിട്ട് ചവിട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവും കാപ്പാ കേസ് പ്രതിയുമായ തകരപ്പറമ്പ് കുട്ടൻ എന്ന ശ്യാംകുമാർ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ എന്നിവരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെ വഞ്ചിയൂരിനടുത്തായിരുന്നു സംഭവം. മകനുമായി വരുമ്പോൾ റോഡിൽ ഗതാഗതതടസ്സമുണ്ടാക്കി കാർ പാർക്ക് ചെയ്തതിനെ തുടർന്ന് ബി.എസ്.എൻ.എൽ ജീവനക്കാരനായ രാജേഷ് ഹോൺ മുഴക്കി. ഇത് കേട്ട് ഇഷ്ടപ്പെടാതെ കാറിൽനിന്ന് പുറത്തിറങ്ങിയ ശ്യാംകുമാറും അരുണും ചേർന്ന് രാജേഷിനെ മർദിച്ചു. പ്രാണരക്ഷാർഥം അടുത്ത ഹോട്ടലിലേക്ക് ഓടി ആളുകളെ വിളിച്ച് രാജേഷ് തിരിച്ചുവരുമ്പോൾ മകൻ അഭിനവിനെ ഗുണ്ടകൾ നിലത്തിട്ട് ചവിട്ടുന്നതാണ് കണ്ടത്.
തലസ്ഥാനത്തെ കുപ്രസിദ്ധഗുണ്ടകളാണ് അക്രമം കാട്ടുന്നതെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടില്ല. തുടർന്ന് രാജേഷ് ഒറ്റക്ക് മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു. ആക്രമണത്തിൽ രാജേഷിനും അഭിനവിനും കൈകൾക്കുൾപ്പെടെ ഗുരുതര പരിക്കേറ്റു. സ്ഥലത്ത് ഭീകാരന്തരീക്ഷം സൃഷ്ടിച്ച് വെല്ലുവിളി നടത്തി ഗുണ്ടകൾ കടന്നുകളഞ്ഞു. ഇന്നലെ വട്ടിയൂർക്കാവിന് സമീപത്ത്നിന്ന് ശ്യാംകുമാറിനെയും പിന്നീട് അരുണിനെയും പൊലീസ് പിടികൂടി. ശ്യാംകുമാർ കാപ്പ കേസിൽ ജയിൽവാസം അനുഷ്ഠിച്ച വ്യക്തിയാണെന്നും ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.