കെട്ടിട നമ്പർ തട്ടിപ്പ്: രണ്ട് താൽക്കാലിക ജീവനക്കാരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കോര്‍പറേഷന്‍ കെട്ടിട നിര്‍മാണ നമ്പർ തട്ടിപ്പില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരടക്കം നാലുപേർ അറസ്റ്റില്‍. താൽകാലിക ജീവനക്കാരായ കടകംപള്ളി മേഖല ഓഫിസിലെ സന്ധ്യ, ഫോര്‍ട്ട് മേഖല ഓഫിസിലെ ബീനകുമാരി എന്നീ രണ്ട് ഡേറ്റ എന്‍ട്രി ഓപറേറ്റര്‍മാരേയും ഇടനിലക്കാരായ കാഞ്ഞിരംകുളം സ്വദേശി ഷെക്സിൻ, വലിയതുറ സ്വദേശി ക്രിസ്റ്റഫര്‍ എന്നിവരേയുമാണ് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അതിനിടെ, കേസന്വേഷണം സൈബർ പൊലീസിൽ നിന്ന് മ്യൂസിയം പൊലീസിന് കൈമാറാനും തീരുമാനമായി. വ്യാഴാഴ്ച മുതൽ മ്യൂസിയം പൊലീസാകും കേസന്വേഷണം നടത്തുക. കന്‍റോൺമെന്‍റ് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാകും ഈ കേസന്വേഷണം നടത്തുക. സൈബർ പൊലീസ് ഉൾപ്പെടെ ഈ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിക്കും.

കേശവദാസപുരത്തിന് സമീപമുള്ള കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയതില്‍ രണ്ട് ഡേറ്റ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്കുള്ള പങ്ക് കോര്‍പറേഷന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ ഉപയോഗിച്ച കമ്പ്യൂട്ടറില്‍ നിന്നാണ് അനധികൃതമായി നമ്പര്‍ നല്‍കിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. രണ്ടുപേരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. തട്ടിപ്പിൽ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കാനാണ് സൈബര്‍ പൊലീസ് ശ്രമിക്കുന്നത്.

ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, സോഫ്റ്റ് വെയര്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും സൈബര്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. റവന്യൂ ഓഫിസര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍, ബില്‍ കലക്ടര്‍ തുടങ്ങി മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. അജയ്ഘോഷ് എന്നയാളുടെ പേരിലുള്ള കേശവദാസപുരത്തെ കെട്ടിടങ്ങള്‍ക്കാണ് അനധികൃതമായി നമ്പര്‍ നല്‍കിയത്. ജനുവരി 28ന് രാവിലെ 8.30 നാണ് കോര്‍പറേഷന്‍ പ്രധാന ഓഫിസിലെ കമ്പ്യൂട്ടറില്‍ നിന്ന് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയത്. കെട്ടിട നമ്പറിനായി ഒരു പ്രാവശ്യം പോലും കോർപറേഷൻ ഓഫിസിലെത്താത്ത അജയ്ഘോഷാണ് തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

20 വർഷത്തിലേറെയായി ഡേറ്റ എൻട്രി ഓപറേറ്റർമാരായി ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരും ഇടനിലക്കാരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് പറയപ്പെടുന്നതെങ്കിലും തട്ടിപ്പിന്‍റെ വ്യാപ്തി വർധിക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Building number fraud: Four persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.