ഡിവൈഡറിന് ഉയരം കുറഞ്ഞതുകൊണ്ട് വാഹനങ്ങൾ നിയമവിരുദ്ധമായി തിരിയുന്ന ഭാഗം
ആറ്റിങ്ങല്‍: നഗരത്തിൽ അപകടഭീഷണി ഉയര്‍ത്തി വാഹനങ്ങൾ ഡിവൈഡറിന് മുകളിലൂടെ കടക്കുന്നു. കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാൻ ചിലയിടങ്ങളില്‍ ഡിവൈഡറിന്റെ കമ്പിവേലി ഒഴിവാക്കിയിട്ടുണ്ട്. വേലിയില്ലാത്ത ചില സ്ഥലങ്ങളില്‍ ഇരുവശത്തേക്കുമുള്ള പാതകളെ വേര്‍തിരിക്കുന്ന ഭാഗത്തിന് ഉയരം കുറവാണ്.
പുതിയ ടാറിങ് കഴിഞ്ഞതോടെ ഡിവൈഡറിന്റെ ഉയരം വീണ്ടും കുറഞ്ഞു. ഇവിടെയാണ് വാഹനങ്ങള്‍ ഇരുവശത്തേക്കും ചാടിക്കുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇത്തരത്തില്‍ ഗതാഗതനിയമലംഘനം നടത്തുന്നത്. കച്ചേരിനടക്കും മുനിസിപ്പല്‍ ഗ്രന്ഥശാലക്കും ഇടക്കുള്ള ഭാഗത്തും ട്രഷറിക്ക് മുന്നിലുമാണ് വാഹനങ്ങള്‍ അപകടകരമായി ഇരുവശത്തേക്കും കയറുന്നത്. ആലംകോട് ഭാഗത്തുനിന്ന് വരുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതുവഴി റോഡിന്റെ മറുവശത്തേക്കിറങ്ങും. ഇതിന് സമീപത്താണ് ആലംകോട് ഭാഗത്തേക്കുള്ള ബസുകളുടെ സ്‌റ്റോപ്പ്. ഇവിടെ ബസുകള്‍ നിര്‍ത്തിയിടുമ്പോള്‍ മറ്റുവാഹനങ്ങള്‍ റോഡിന്റെ വലതുവശം ചേര്‍ന്നാണ് പോകുന്നത്.
ഇവിടെനിന്ന് അപ്രതീക്ഷിതമായി വാഹനം പെട്ടെന്ന് ക്രോസ് ചെയ്ത് കയറുന്നത് വലിയ അപകടത്തിനിടയാക്കും. കച്ചേരിനടയില്‍നിന്ന് ആലംകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇതുവഴി മറുവശത്തെ പാതയിലേക്ക് ചാടും. ഇത് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയായിട്ടുണ്ട്. ഇവിടെ റോഡിലെ ഇടഭിത്തിക്ക് അരയടിയോളം ഉയരമുണ്ടായിരുന്നു. നാലുമാസം മുമ്പ് റോഡ് റീടാര്‍ ചെയ്തു. അതോടെ ഇടഭിത്തിയുടെ ഉയരം കുറഞ്ഞു. സീബ്രാലൈനുള്ള ഭാഗത്ത് ഇടഭിത്തിക്ക് മറ്റിടങ്ങളിലേതിനാക്കാള്‍ അരയടി ഉയരം കുറച്ചിരുന്നു.
റോഡ് അരയടിയോളം ഉയര്‍ന്നതോടെ ഇരുവശത്തെ പാതകളും തമ്മില്‍ ഉയരത്തില്‍ വ്യത്യാസമില്ലാതാവുകയും ഇടഭിത്തി മൂടുകയും ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയിട്ടുള്ളത്. ഇവിടെ ഇടഭിത്തിയുടെ ഉയരം കൂട്ടി വാഹനങ്ങള്‍ ഇരുവശത്തും ചാടുന്നത് ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.