മുതലപ്പൊഴിയിലെ പുലിമുട്ട് നിർമാണം
ആറ്റിങ്ങൽ: മുതലപ്പൊഴി ഹാർബർ പുലിമുട്ട് നീളംകൂട്ടൽ പകുതിയിലേറെ പിന്നിട്ടു. കല്ല് ലഭ്യതയിൽ കുറവുണ്ടായില്ലെങ്കിൽ അടുത്ത മഴക്കാലത്തിനുമുമ്പ് ബ്രേക്ക് വാട്ടർ നിർമാണം പൂർത്തിയാക്കും. ബ്രേക്ക്‌വാട്ടറിന്റെ 220 മീറ്റർ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി. ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണകൊണ്ടാണ് തങ്ങൾക്ക് പ്രവൃത്തികളിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞതെന്ന് കരാർ കമ്പനി പ്രതിനിധികൾ പറഞ്ഞു. കൊണ്ടുവരുന്ന കല്ലിന്റെ ഭാരപരിശോധന ഉൾപ്പെടെ ബന്ധപ്പെട്ട ജീവനക്കാർ പൂർത്തിയാക്കിയാലേ കരാർ കമ്പനിക്ക് നിർമാണ പ്രവർത്തനം തുടരാൻ കഴിയൂ. ഹാർബർ എൻജിനീയറിങ് വിഭാഗം ഇക്കാര്യത്തിൽ ആത്സമാർഥ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
ബ്രേക്ക് വാട്ടറിന്റെ 200 മീറ്റർ നീളം കൈവരിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ഈ നീളം എത്തുന്നത് മത്സ്യത്തൊഴിലാളികളുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും മത്സ്യബന്ധന പ്രവർത്തനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. സമീപകാലത്ത് നേരിട്ട നിരന്തര അപകടങ്ങളെ ഒരുപരിധിവരെ ഇതിലൂടെ തടയാനാവുമെന്നാണ് വിലയിരുത്തൽ. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്താനും പ്രതികൂല കാലാവസ്ഥയിൽപോലും അപകടങ്ങളുണ്ടാകാതെ മത്സ്യബന്ധനത്തിന് ഇറങ്ങാനും ഇതുവരെയുള്ള നിർമാണ പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കരാർ കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.