ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിർമിച്ച പാർക്ക്
ആറ്റിങ്ങൽ: പ്ലാസ്റ്റിക് മാലിന്യം കൊണ്ടൊരു മനോഹര പാർക്ക് ഒരുക്കി ആറ്റിങ്ങൽ നഗരസഭ. മൂന്നുമുക്ക് ജങ്ഷനിൽ ദേശീയപാതയോട് ചേർന്ന് കാടുപിടിച്ച സ്ഥലത്താണ് മനോഹര പാർക്ക് ഒരുങ്ങിയത്. സ്ഥലത്ത് സമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് നഗരസഭാധികൃതർക്ക് പരാതി ലഭിച്ചിരുന്നു. പുറമ്പോക്ക് ഭൂമി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നഗരസഭ ആലോചിച്ചു. ഒടുവിൽ മാലിന്യത്തിൽനിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ട് പാർക്ക് നിർമിക്കാൻ തീരുമാനിച്ചു.
പഴയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടാണ് പാർക്കിൽ മനോഹരമായ ശിൽപങ്ങൾ ഒരുക്കിയത്. ഹരിതകർമസേന ശേഖരിച്ച 4500 ഓളം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ആണ് ആനയുടെയും കാക്കയുടെയും രൂപങ്ങൾ നിർമിച്ചത്. അവനവഞ്ചേരി ഹൈസ്കൂളിലെ സ്‌റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകൾ വീടുകളിൽനിന്ന് ശേഖരിച്ച 700 കുപ്പികളിൽ പഴകിയ പ്ലാസ്റ്റിക്ക് കവറുകൾ നിറച്ച് ഇക്കോ ബ്രിക്കുകളാക്കിയ ശേഷമാണ് പാർക്കിന്‍റെ ചുറ്റുമതിൽ നിർമിച്ചത്. ഒന്നര ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാർക്കിന് വിസ്മയ പാർക്ക് എന്ന് നാമകരണവും നടത്തി. തുടർ പരിപാലന ചുമതല ഹരിതകർമ സേനക്കാണ്.
മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലെ റെഫ്യൂസ്, റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്ന മുദ്രാവാക്യം നഗരങ്ങളിൽ എത്രകണ്ട് പ്രായോഗികമാണെന്ന തത്സമയ ബോധവത്കരണ കേന്ദ്രമായി പാർക്ക് മാറി.
നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ച പാർക്കിന്‍റെ ഉദ്ഘാടനവും വർണ്ണ ലൈറ്റുകളുടെ സ്വിച്ചോണും ചെയർപേഴ്സൻ എം. പ്രദീപ് നിർവഹിച്ചു. പാർക്കിന്‍റെ ശില്പി ടോണി ജോസഫ്, എസ്.പി.സി വിഭാഗം കമ്യൂനിറ്റി പൊലീസ് ഓഫീസർ സാബു നീലകണ്ഠൻ, ഹരിതകർമസേന കൺസോഷ്യം പ്രതിനിധികളായ സുഗന്ധി, ലത എന്നിവരെ ആദരിച്ചു. വൈസ് ചെയർപേഴ്സൻ ആർ.എസ്. രേഖ അധ്യക്ഷത വഹിച്ചു. ആരോഗ്യസമിതി അധ്യക്ഷൻ എ.എം. താഹ, പൊതുമരാമത്ത് സമിതി അധ്യക്ഷ പ്രിയ സാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ, അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.