തിരുവനന്തപുരം: ദീർഘകാലം തന്റെ വീട്ടിൽ സഹായിയായിരുന്ന അംബികാദേവിയെ കാണാൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് അവരുടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി തന്റെ വീട്ടിൽ തോക്കുധാരികളായ പൊലീസുകാർ എത്തിയപ്പോൾ അംബികാദേവി അമ്പരന്നു. സി.വി. ആനന്ദ ബോസ് തിരുവനന്തപുരത്തു വരുമ്പോൾ അവിടെ ചെന്ന് കാണണം എന്ന് കരുതിയിരുന്നു. എന്നാൽ, ഗവർണർ തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ അവർക്ക് കരച്ചിൽ അടക്കാനായില്ല. ഭാര്യാസമേതനായി വീട്ടിലെത്തിയ ഗവർണർ അവരെ ആശ്വസിപ്പിച്ചു.
അംബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ‘പറയാതിനി വയ്യ’ എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ആനന്ദബോസ് കൊല്ലം കലക്ടർ ആയിരുന്ന കാലം മുതൽ വീട്ടിലെ സഹായിയാണ് അംബികാദേവി. മുന്നറിയിപ്പില്ലാതെ മുമ്പും ആനന്ദ ബോസ് അതിഥികളുമായി വീട്ടിൽ വന്നിട്ടുണ്ട്. മകൾ നന്ദിതാ ബോസ് ജർമനിയിൽ അർബുദ ബാധിതയായി കിടക്കുമ്പോൾ പരിചരിക്കാൻ ആനന്ദ ബോസ് അയച്ചത് അംബിയെയാണ്. ഇവർ ഇപ്പോൾ തൊഴിൽ മന്ത്രി ശിവൻകുട്ടിയുടെ വീട്ടിൽ മേൽനോട്ടക്കാരിയാണ്.
പിന്നീട് ആനന്ദ ബോസ് നേരെ പോയത് ബംഗാളി തൊഴിലാളികൾക്കിടയിലേക്കാണ്. ഒരു മണിക്കൂറിലധികം അവരുമായി പങ്കിട്ടു. ഒരുമിച്ച് ചായ കുടിച്ചു. പ്രശ്നങ്ങൾ കേട്ടു. അവരുടെ ജൻ ധൻ അക്കൗണ്ടിലേക്ക് 1000 രൂപ വീതം നിക്ഷേപിച്ചു. ഇവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൊൽക്കത്ത രാജ്ഭവനിൽ പോർട്ടൽ ആരംഭിച്ച വിവരം അറിയിച്ചു. പോർട്ടലിലേക്ക് ആര് ഇ-മെയിൽ അയച്ചാലും സത്വര നടപടി സ്വീകരിക്കാനുള്ള സെല്ലും രാജ്ഭവനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.