എ.ബി.സി പദ്ധതി ഇഴയുന്നു; തെരുവുകൾ കൈയടക്കി നായ്കൾ

തിരുവനന്തപുരം: ജില്ലയിൽ വന്ധ്യംകരണ നടപടികൾ ഇഴയുന്നത് തെരുവുനായ് ശല്യം രൂക്ഷമാക്കുന്നു. റോഡും ബസ് സ്റ്റാൻഡും ജങ്ഷനുമടക്കം പൊതുഇടങ്ങൾ കൂട്ടത്തോടെ തെരുവുനായ്ക്കൾ കൈയടക്കി. കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം തിരുമല വേട്ടമുക്കിൽ വയോധികന്‍റെ കൺപോള തെരുവുനായ് കടിച്ചെടുത്തിരുന്നു.

ഇതോടെ ജില്ല വീണ്ടും തെരുവുനായ്കളുടെ ഭീഷണിയിലായി. രണ്ട് എ.ബി.സി കേന്ദ്രങ്ങളും ഒരു പോർട്ടബിൾ എ.ബി.സി യൂനിറ്റുമാണ് ജില്ലയിലുള്ളത്. എന്നാൽ ദിനംപ്രതി തെരുവുനായ്കൾ പെരുകുന്നതിനാൽ വന്ധ്യംകരണ നടപടികൾ ഉപയോഗപ്രദമാകുന്നില്ല. പേട്ടയിലും തിരുവല്ലത്തിനടുത്ത് വണ്ടിത്തടത്തുമാണ് എ.ബി.സി. കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തെരുവുനായ്ക്കളെ പിടികൂടി എ.ബി.സി. കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച് വാക്സിനേഷൻ നൽകി പിടിച്ചിടത്തുതന്നെ വിട്ടയക്കുകയാണ് ചെയ്യുന്നത്.

പ്രദേശവാസികളുടെ എതിർപ്പ് മൂലം ഇവിടെ നായ്ക്കളെ പിടികൂടലും വിട്ടയക്കലും കാര്യക്ഷമമാവുന്നില്ലെന്ന് അധികൃതർ പറയുന്നു. നായ്ക്കളെ തിരിച്ചുവിടാനെത്തുമ്പോൾ പലയിടങ്ങളിലും നാട്ടുകാർ സമ്മതിക്കുന്നില്ല. മാത്രമല്ല, ജില്ലയിലെ മുഴുവൻ ഇടങ്ങളിലെയും നായ്ക്കളെ എത്തിച്ച് വന്ധീകരിക്കൽ പ്രായോഗികമല്ല. ഇതിനുപരിഹാരമായാണ് പോർട്ടബിൾ എ.ബി.സി. യൂനിറ്റ് കൊണ്ടുവന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലാണ് പൈലറ്റ് പദ്ധതിയായി നടപ്പാക്കിയത്.

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ നാട്ടുകാരുടെ എതിർപ്പ് ഇല്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് എത്താനും കഴിയും. നിലവിൽ ഒരു യൂനിറ്ററാണ് ഉള്ളത്. ഇത് അപര്യാപ്തമാണ്. കൂടുതൽ യൂനിറ്റ് ലഭ്യമാക്കി ഒരേ സമയം പ്രവർത്തനം തുടങ്ങണം. ഒരിടത്ത് വന്ധ്യംകരണ നടപടികൾ നടത്തിയാൽ ഒരു വർഷത്തിനകം അതേ പ്രദേശത്ത് വീണ്ടും നടത്തിയാൽ മാത്രമേ തെരുവുനായ്ക്കളുടെ എണ്ണം കുറക്കാനാവൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - ABC project drags on; dogs take over the streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.