പുസ്തകരചനയിൽ 200ഉം പിന്നിട്ട് ഗ്രേഷ്യസ്​ ബെഞ്ചമിൻ, ഒപ്പം നെഞ്ചോട് ചേർത്ത് കൃഷിയും

ബാലരാമപുരം: വിദ്യാഭ്യാസം 10ാം ക്ലാസ്​ മാത്രമാണെങ്കിലും ഗ്രേഷ്യസ്​ ബെഞ്ചമിൻ ഇതിനോടകം രചിച്ചിട്ടുള്ളത് 216 പുസ്​തകങ്ങൾ. സംസ്ഥാന സർക്കാറിന്‍റേതുൾപ്പെടെ 25ലേറെ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബാലരാമപുരം, ഉച്ചക്കട, കട്ടച്ചൽകുഴി അക്ഷരം വീട്ടിൽ ​ഗ്രേഷ്യസ്​ ബെഞ്ചമിന് (56) സദാസമയവും എഴുത്തും കൃഷിയുമാണ് ജോലി. 56 വയസ്സിനിടയിൽ 216 പുസ്​തകങ്ങൾ, 2000ത്തോളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കന്നുകാലി-കോഴി വളർത്തലും പുസ്​തകവായനയുമാണ് പ്രധാന വിനോദങ്ങൾ. 10ാം ക്ലാസ്​ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസമെങ്കിലും ​ഗ്രേഷ്യസ്​ സിവിൽ സർവിസ്​ പരീശീലനത്തിനുവേണ്ടിയുള്ള പുസ്​തകങ്ങൾവരെ എഴുതിയിട്ടുണ്ട്. മണ്ണിര മുതൽ റോക്കറ്റ് വിക്ഷേപണ ശാസ്​ത്രത്തെക്കുറിച്ച് വരെയുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 10ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശിശുപരിപാലനം വിഷയമാക്കി ആദ്യപുസ്​തകം എഴുതിയത്. ലൈബ്രറി പ്രസ്ഥാനത്തിന്‍റെ ആചാര്യൻ പി.എൻ. പണിക്കരാണ് അന്ന് പുസ്​തകം പ്രകാശനം ചെയ്തത്. 1226 പേജുള്ള ചരിത്രവിജ്ഞാന കോശമാണ് എഴുതിയതിൽ വെച്ചേറ്റവും വലിയഗ്രന്ഥം. കുട്ടികളുടെ ചരിത്രനിഘണ്ടു, പരിസ്ഥിതിവിജ്ഞാനകോശം തുടങ്ങിയ വിജ്ഞാനഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. പത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷി കോളമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2002ൽ ബെസ്റ്റ്ഫാർമർ ജേണലിസത്തിനുള്ള സംസ്ഥാന സർക്കാറിന്‍റെ പുരസ്​കാരവും നേടി. ഇദ്ദേഹത്തിന്‍റെ വീട്ടിനുള്ളിൽ അക്ഷരത്തോട്ടമാണെങ്കിൽ വീടിന് പുറത്തെങ്ങും കൃഷിത്തോട്ടമാണ്. മത്സ്യകൃഷി, ഇഞ്ചി, കൂവ, വാഴ, വിവിധ വള്ളിക്കിഴങ്ങുകൾ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്ക് ആവശ്യമായ മത്സ്യവും പച്ചക്കറികളും സ്വന്തം കൃഷിയിൽനിന്നാണ് ലഭിക്കുന്നത്. ബാക്കി വരുന്നത് ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട്. എഴുതിത്തീർത്ത പേനകളുടെ ആയിരക്കണക്കിന് ശേഖരമാണ് മറ്റൊരു പ്രത്യേകത. പതിനായിരക്കണക്കിന് പേനകളാണ് ഗ്രേഷ്യസിന്‍റെ ശേഖരത്തിലുള്ളത്. പുതിയ പുസ്​തകങ്ങളുടെ എഴുത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോൾ ഗ്രേഷ്യസ്​ ബെഞ്ചമിൻ. ചിത്രം WhatsApp Image 2022-03-20 at 7.13.39 PM.jpg WhatsApp Image 2022-03-20 at 7.13.41 PM.jpg WhatsApp Image 2022-03-20 at 7.13.40 PM (1).jpg അംഗീകാരങ്ങൾക്കും പുസ്​തകശേഖരത്തിനുമരികിൽ ഗ്രേഷ്യസ്​ ബെഞ്ചമിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.