(ചിത്രം) മികവോടെ മുന്നോട്ട് വജ്രജൂബിലി ആഘോഷനിറവിലാണ് കുലശേഖരപുരം സർവിസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 995. കടബാധ്യതമൂലം കാർഷികമേഖല തകരുകയും വ്യവസായങ്ങൾ അധികം ഇല്ലാതിരിക്കുകയും സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ അലട്ടുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ കുലശേഖരപുരം വില്ലേജിലെ പ്രവർത്തനരഹിതമായിരുന്ന മൂന്ന് പരസ്പരസഹായസംഘങ്ങൾ സമന്വയിപ്പിച്ചാണ് 1961ൽ കുലശേഖരപുരം സർവിസ് സഹകരണ ബാങ്കിന് തുടക്കമിട്ടത്. കൃഷി, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ഭവന നിർമാണം, ചികിത്സ, വസ്തുവാങ്ങൽ, സ്വയംതൊഴിൽ എന്നിവക്ക് വായ്പകൾ നൽകി ജനങ്ങൾക്ക് അഭിവൃദ്ധിയിലേക്ക് വഴികാട്ടിയ സഹകരണ ബാങ്ക് അന്താരാഷ്ട്രനിലവാരത്തിലേക്ക് മുന്നേറുകയാണ്. അംഗങ്ങളുടെ വീട്ടിൽ നിക്ഷേപപ്പെട്ടികൾ വെച്ച് നിക്ഷേപസമാഹരണത്തിലൂടെയായിരുന്നു തുടക്കം. കാലക്രമേണ പ്രവർത്തനമികവിലൂടെ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഇപ്പോൾ കേരളത്തിലെ മികച്ച ബാങ്കുകളിൽ മുൻനിരയിലാണ്. അംഗങ്ങളുടെ ഒരുമയും നിശ്ചയദാർഢ്യവും കഠിനപ്രയത്നവും തന്നെയാണ് വിജയരഹസ്യം. പ്രതിഫലേച്ഛയില്ലാതെ ആരോഗ്യവും സമയവും സ്ഥാപനത്തിന്‍റെ ഉയർച്ചക്കായി അർപ്പിച്ചവരാണവർ. അതുതന്നെയാണ് ഇന്നും ശക്തി പകരുന്നതും. ഗുണഭോക്താക്കളെ ചൂഷണമുക്തമാക്കാൻ നീതി മെഡിക്കൽ സ്റ്റോർ, ടെക്സ്റ്റൈൽസ്, ഓണച്ചന്ത, വളം ഡിപ്പോ, ജനസേവനകേന്ദ്രം, നിക്ഷേപകർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, പഠനസഹായം, ചികിത്സ ധനസഹായം, മരണാനന്തര സഹായം എന്നിവയും നടപ്പാക്കാൻ കഴിഞ്ഞു. ബാങ്ക് അംഗങ്ങളുടെ സൗകര്യാർഥം വവ്വാക്കാവ്, കുരുങ്ങപ്പള്ളി എന്നിവിടങ്ങളിൽ സ്വന്തം സ്ഥലത്ത് ശാഖകളും ഹെഡ് ഓഫിസിനോട് ചേർന്ന് സായാഹ്നശാഖയും ആരംഭിക്കാൻ കഴിഞ്ഞത് ബാങ്കിന്‍റെ വളർച്ച ത്വരിതപ്പെടുത്തി. നിക്ഷേപകരുടെ സൗകര്യാർഥം കോർബാങ്കിങ് സംവിധാനം, ഇന്ത്യയിൽ എവിടെയും പണം അയക്കാനും സ്വീകരിക്കാനും ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, സ്കാൻ ആൻഡ് പേ എന്നീ അത്യാധുനിക സംവിധാനങ്ങളോടെയാണ് ബാങ്ക് പ്രവർത്തിക്കുന്നത്. വളരുന്ന ലോകത്തിനനുസരിച്ച് പുരോഗതി ആർജിക്കാൻ പര്യാപ്തമായ പദ്ധതികൾ ബാങ്ക് വിഭാവനം ചെയ്യുന്നുണ്ട്. അവയുടെ വിജയകരമായ പൂർത്തീകരണത്തിന് എല്ലാവരുടെയും നിർലോഭമായ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. -എ. മുഹമ്മദ് മുസ്തഫ, പ്രസിഡന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.