കളമച്ചലിൽ വീണ്ടും തറിയുടെ സംഗീതമുണരും...

കിളിമാനൂർ: പ്രധാന പരമ്പരാഗത കൈത്തറി വ്യവസായ കേന്ദ്രമായിരുന്ന വാമനപുരം കളമച്ചലിൽ വീണ്ടും തറിയുടെ സംഗീതമുണരും. പ്രദേശത്തിന്‍റെ ഗതകാല ഖ്യാതിയും തിരികെയെത്തിക്കാനുള്ള കളമച്ചൽ കൈത്തറി ഭരണ സമിതിയുടെ പരിശ്രമം ഫലം കാണുന്നു. നെയ്ത്തിലും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന ആനച്ചൽ, കളമച്ചൽ കൈത്തറി സംഘങ്ങളിലെ 270 ഓളം തൊഴിലാളി കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്തക്കളായി മാറും. ഒരുകാലത്ത് കളമച്ചലിൽ തറിയിൽ നൂൽ നൂൽത്തും നെയ്തും ഉപജീവനം നടത്തിയ അഞ്ഞൂറോളം തൊഴിലാളികൾ ഇവിടുണ്ടായിരുന്നു. ക്രമേണ കൈത്തറി രംഗത്തും സാങ്കേതിക വിദ്യയുടെ കടന്നുവരവും പരിജ്ഞാനമില്ലായ്മയും തൊഴിലാളികളുടെ ഉപജീവനം പെരുവഴിയിലായി. കളമച്ചൽ കൈത്തറിയുടെ സമഗ്രവികസനം ലക്ഷ്യംവെച്ച് ഭരണസമിതി തയാറാക്കി സമർപ്പിച്ച രണ്ട് കോടി രൂപയുടെ കൈത്തറി ക്ലസ്റ്റർ വികസന പ്രോജക്ടിന് കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ്​ കൈത്തറി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു. ഒരുകോടി 95 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 185 ലക്ഷം രൂപയും കേന്ദ്രവിഹിതമാണ്. ശേഷിച്ച തുക ഗുണഭോക്താക്കളിൽനിന്ന്​ സമാഹരിക്കും. തൊഴിലാളികൾക്കാവശ്യമായ നെയ്ത്ത് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 15.6 ലക്ഷവും നിലവിലുള്ള തറികളുടെ നവീകരണത്തിനായി 16 ലക്ഷവും പുതിയ 60 തറികൾ നിർമിക്കുന്നതിന്​ 19.2 ലക്ഷവും യന്ത്രവത്കൃത ചർക്കകൾക്കായി 3.2 ലക്ഷവും യന്ത്രവത്കൃത വാർപ്പിങ്​ മെഷീനായി 1.5 ലക്ഷവും സോളാർ പാനലിന്​ 17.25 ലക്ഷവും 35 തൊഴിലാളികൾക്ക് പണിപ്പുര തീർക്കാൻ 42 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, 25 ലക്ഷം രൂപ ചെലവിൽ പൊതു പണിപ്പുരയും 10 ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റിങ്​ സിസ്റ്റവും സ്ഥാപിക്കും. പ്രോജക്ട് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ടെക്സ്​റ്റൈൽസ് ഡിസൈനറെയും ക്ലസ്റ്റർ ഡെവലപ്മൻെറ് എക്സിക്യൂട്ടിവിനെയും നിയമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.